എസ്‌ഐആറിന്റെ കരടുപട്ടികയില്‍ നിന്നു മുസ് ലിംകളെ ഒഴിവാക്കണമെന്ന് ബിജെപി; സമ്മര്‍ദ്ദം താങ്ങുന്നില്ല, ജീവനൊടുക്കുമെന്ന് ബിഎല്‍ഒ

Update: 2026-01-16 05:28 GMT

ജയ്പൂര്‍: എസ്‌ഐആറിന്റെ കരടുപട്ടികയില്‍ നിന്നു മുസ് ലിംകളെ ഒഴിവാക്കണമെന്ന സമ്മര്‍ദ്ദം താങ്ങാനാവാതെ ജീവനൊടുക്കാനൊരുങ്ങി ബിഎല്‍ഒ.

തങ്ങള്‍ക്ക് സുഖകരമായി ജയിക്കാനാന്‍ വേണ്ടിയാണ് ബിജെപി നേതാക്കള്‍ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തുന്നതെന്നും സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്നും ബിഎല്‍ഒ പറഞ്ഞു. രാജസ്ഥാനിലെ ജയ്പൂര്‍ ഹവാമഹല്‍ നിയോജക മണ്ഡലത്തിലെ ബിഎല്‍ഒ ആയ കൃതി കുമാറാണ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്.

താന്‍ ഇതിനോടകം തന്നെ വോട്ടര്‍മാരുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞെന്നും ഈ നടപടി മുസ് ലിം വോട്ടര്‍മാരെ ലക്ഷ്യം വച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

കലക്ടരുടെ ഓഫീസിലെത്തി, അവിടെ വച്ച് താന്‍ ആത്മഹത്യ ചെയ്യുമെന്നാണ് കൃതി കുമാര്‍ ഭീഷണി മുഴക്കിയത്. ഇതിന്റെ വീഡിയോ വ്യാപകമായ രീതിയില്‍ പ്രചരിക്കപ്പെട്ടതോടെ, എസ്‌ഐആറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും ഇവിടെ തല പൊക്കിയിരിക്കുകയാണ്. ' ഒരുപക്ഷേ ഞാന്‍ പ്രദേശത്തെ മുഴുവന്‍ വോട്ടര്‍മാരെയും നീക്കം ചെയ്യേണ്ടി വരും, അത് നിങ്ങളെയും മഹാരാജിനെയും തിരഞ്ഞെടുപ്പില്‍ സുഖകരമായി വിജയിക്കാന്‍ സഹായിക്കും,' സോഷ്യല്‍ മീഡിയയിലെ വീഡിയോയില്‍ കീര്‍ത്തി കുമാര്‍ ബിജെപി കൗണ്‍സിലറോട് ഫോണില്‍ സംസാരിക്കുന്നതായി കേള്‍ക്കാം.

ഇതിനോടകം തന്നെ എസ് ഐ ആര്‍ ജോലിഭാരം താങ്ങാനാകാതെ രാജസ്ഥാനില്‍ മൂന്ന് ബിഎല്‍ഒ ആത്മഹത്യ ചെയ്തിരുന്നു.മുഴുവന്‍ എസ്‌ഐആര്‍ പ്രവൃത്തികളും വീണ്ടും ചെയ്യാനാണ് ബിജെപി തന്നെ ഭീഷണിപ്പെടുത്തുന്നതെന്നും ചെയ്യാത്ത പക്ഷം സസ്പെന്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും ബിഎല്‍ഒ പറഞ്ഞു.

2023ലെ തിരഞ്ഞെടുപ്പില്‍ ഹവാ മഹലില്‍ നിന്നും 974 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ബിജെപി എംഎല്‍എയാണ് ബാല്‍മുകുന്ദ് ആചാര്യ. മുസ്ലിങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ നേരത്തെയും വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നയാളാണ് പ്രാദേശികമായി 'മഹാരാജ്'എന്ന് വിളിക്കപ്പെടുന്ന ആചാര്യ.

Tags: