തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍; എക്‌സ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ഹാന്‍ഡിലുകള്‍ക്ക് കേരള പോലിസിന്റെ നോട്ടീസ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ ബിജെപിയുടെ സീല്‍ പതിഞ്ഞതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടവര്‍ക്ക് കേരള പോലിസ് കൂട്ടത്തോടെ നോട്ടീസ് അയച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവാദ സര്‍ക്കുലറിന്റെ ചിത്രം പങ്കുവെച്ച 270 എക്സ് ഹാന്‍ഡിലുകള്‍ക്കും, 200 ഫേസ്ബുക്ക് പേജുകള്‍ക്കും, 90 ഇന്‍സ്റ്റാഗ്രാം ഐഡികള്‍ക്കുമാണ് കേരള പോലിസ് നോട്ടീസ് അയച്ചത്. ഈ നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശപ്രകാരമാണെന്ന് പോലിസ് വ്യക്തമാക്കി. ഔദ്യോഗിക വിശദീകരണം വന്നിട്ടും തുടരുന്ന ഇത്തരം പ്രചാരണങ്ങള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകര്‍ക്കുന്നതാണെന്നാണ് കമ്മീഷന്റെ വാദം.
ക്ലറിക്കല്‍ പിഴവെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യമായി സമ്മതിച്ച നടപടിയുടെ വിവരങ്ങള്‍ സമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും ഇന്നലെ രാവിലെയാണ് എക്സിന്റെ ഇമെയില്‍ ലഭിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്ര, യുപിയിലെ മാധ്യമപ്രവര്‍ത്തകന്‍ പീയുഷ് റായ് എന്നിവര്‍ക്കും സമാനമായ നോട്ടീസ് ലഭിച്ചിരുന്നു. തന്റെ പോസ്റ്റ് സാമുദായിക ഐക്യം തകര്‍ക്കുമെന്നതാണ് നോട്ടീസിലെ ഏറ്റവും മികച്ച വരിയെന്ന് മഹുവ പരിഹസിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നെറ്റിയില്‍ ബിജെപി ചിഹ്നം പതിച്ച ഫോട്ടോ താന്‍ എക്‌സില്‍ പങ്കുവെച്ചിരുന്നെന്നും അത് 'സാമുദായിക ഐക്യം' ഇതിനേക്കാള്‍ തകര്‍ക്കുന്നതാണെന്നും പോലിസ് നടപടിയെ പരിഹസിച്ച് മഹുവ പറഞ്ഞു. കമ്മീഷനെ 'വാനിഷ് കുമാര്‍' എന്നാണ് മഹുവ പരിഹാസരൂപേണ വിശേഷിപ്പിച്ചത്.
