അബ്ദുല്ലക്കുട്ടിയുടെ വാഹനത്തിൽ ലോറി ഇടിച്ച സംഭവം: വധശ്രമം എന്ന് ബിജെപി

Update: 2020-10-09 04:47 GMT


മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറില്‍ രണ്ടത്താണിയിൽ വച്ചു ലോറി ഇടിച്ച സംഭവത്തില്‍ പൊന്നാനി പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. അപകടമല്ല ആസൂത്രിതമായ വധ ശ്രമമാണ് നടന്നത് എന്നാണ് സംഭവത്തെ കുറിച്ച് അബ്ദുല്ലക്കുട്ടിയുടെയും ബിജെപിയുടെയും ആരോപണം. അബ്ദുല്ലക്കുട്ടിക്കൊപ്പം കാറില്‍ യാത്ര ചെയ്ത ബിജെപി പ്രവര്‍ത്തകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടയില്‍ മലപ്പുറം രണ്ടത്താണിയില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. വെളിയങ്കോട് വെച്ച് കാറിന്റെ പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. കെഎല്‍ 65 എം 6145 നമ്പര്‍ ലോറിയാണ് ഇടിച്ചത്. രണ്ട് തവണ ലോറി ഇടിച്ചെന്നും അതുകൊണ്ടുതന്നെ അത് ആസൂത്രിതമായ ശ്രമമാണ് എന്നുമാണ് അബ്ദുല്ലക്കുട്ടിയുടെ ആരോപണം. കയറ്റത്തിനിടയിലായിരുന്നു സംഭവം. കാറിന്റെ പിന്‍ഭാഗം തകര്‍ന്നു. ആര്‍ക്കും പരുക്കേറ്റില്ല. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയി എന്നാണ് വിശദീകരണം.

ലോറി ഇടിക്കുന്നതിന് അല്‍പം മുമ്പ് വെളിയങ്കോട് ഒരു ഹോട്ടലില്‍ അബ്ദുല്ലക്കുട്ടിയെ അപമാനിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് അപകടമല്ല ആസൂത്രിത ആക്രമണമാണെന്ന സംശയം അബ്ദുല്ലക്കുട്ടിയും ബിജെപിയും ഉന്നയിക്കുന്നത്.

മുസ് ലിം ന്യൂനപക്ഷത്തില്‍നിന്നുള്ള ഒരാള്‍ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനായതില്‍ ഉള്ള വിരോധമാകാം ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ഇതിനെതിരെ ബിജെപി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

Tags:    

Similar News