ഹരിദാസന്‍ വധക്കേസിലെ ബിജെപിക്കാരനായ പ്രതിക്ക് വിവരങ്ങള്‍ ചോര്‍ത്തിയ പോലിസുകാരനെതിരേ നടപടിയെടുക്കണം; എസ്ഡിപിഐ

Update: 2022-02-24 13:55 GMT

കോഴിക്കോട്: കണ്ണൂര്‍ മാഹിയിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബിജെപി മണ്ഡലം പ്രസിഡന്റുമായ ലിജേഷിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കണ്ണവം പോലിസ് സ്‌റ്റേഷനിലെ സുരേഷ് നരിക്കോടെന്ന പോലിസുകാരനെതിരേ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്.

ലിജേഷിന്റെ ഫോണ്‍ പരിശോധിച്ച അന്വേഷണസംഘം കൊലപാതകത്തിന് തൊട്ട് മുന്‍പ് സുരേഷിനെ വിളിച്ചതായി കണ്ടെത്തിയിരുന്നു. ഈ പോലിസുകാരന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ ഈ പോലിസുകാരന്റെ ഇടപെടല്‍ പുറത്തുകൊണ്ടുവരണം. ആലപ്പുഴയില്‍ ഷാന്‍ വധക്കേസിലെ പ്രതികള്‍ക്ക് തൃശൂരിലെ ഒളിത്താവളങ്ങളില്‍ വരെ വിവരങ്ങള്‍ നല്‍കിയ പോലിസുകാരെക്കുറിച്ച് മുമ്പ് വാര്‍ത്ത വന്നെങ്കിലും കൃത്യമായ അന്വേഷണം നടന്നില്ല. സുരേഷിനെ സര്‍വിസില്‍ നിന്നു മാറ്റിനിര്‍ത്തി സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്നും പി ആര്‍ സിയാദ് ആവശ്യപ്പെട്ടു.

Tags: