കൊവിഡിന്റെ മറവില്‍ ബിജെപി അധികാരം കേന്ദ്രീകരിക്കുന്നുവെന്ന് സീതാറാം യെച്ചൂരി

Update: 2020-07-28 04:46 GMT

ന്യൂഡല്‍ഹി: കൊവിഡിന്റെ മറവില്‍ ബിജെപി അധികാരം കേന്ദ്രീകരിക്കുന്നുവെന്ന് സിപിഐ(എം) നേതാവ് സീതാറാം യെച്ചൂരി. കൊവിഡ് മഹാമാരിയുടെ മറവില്‍ കേന്ദ്രസര്‍ക്കാരും അതിനു നേതൃത്വം നല്‍കുന്ന ബിജെപിയും എല്ലാ ഫെഡറല്‍ തത്ത്വങ്ങളെയും ബലികൊടുക്കുകയാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

എല്ലാ തീരുമാനങ്ങളും കേന്ദ്ര സര്‍ക്കാരാണ് എടുക്കുന്നത്. പക്ഷേ, ആ തീരുമാനങ്ങളുടെ ദുഷ്ഫലമനുഭവിക്കേണ്ടി വരുന്ന് സംസ്ഥാന സര്‍ക്കാരാണ്-യെച്ചൂരി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണ്. നീതിന്യായ സംവിധാനത്തിന്റെയും സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും കയ്യടക്കാനുള്ള ശ്രമങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. ജനങ്ങളുടെ വിയോജിപ്പുകള്‍ ദേശവിരുദ്ധതയായി വ്യാഖ്യാനിക്കുകയാണ്-യെച്ചൂരി പറഞ്ഞു.

കൊവിഡുമായി ബന്ധപ്പെട്ട പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗസ്റ്റ് 20-26 ദിവസങ്ങളില്‍ ഒരാഴച നീണ്ടുനില്‍ക്കുന്ന പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

പാവപ്പെട്ട പൗരന്മാര്‍ക്ക് ധനസഹായം, ഭക്ഷ്യധാന്യം എന്നിവ നല്‍കാനും തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുക, കുടിയേറ്റ നിയമം ശക്തിപ്പെടുത്തുക തുടങ്ങിയ 16 മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. 

Tags:    

Similar News