'കേരളത്തില്‍ കോണ്‍ഗ്രസിന്റെ സഹായമില്ലാതെ ബിജെപിക്ക് ഒരൊറ്റ സീറ്റിലും വിജയിക്കാന്‍ കഴിയില്ല'; എം വി ഗോവിന്ദന്‍

Update: 2026-03-31 12:10 GMT

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന്റെ സഹായമില്ലാതെ ബിജെപിക്ക് ഒരൊറ്റ സീറ്റിലും വിജയിക്കാന്‍ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപിക്ക് കേരളത്തില്‍ ഏതെങ്കിലും സീറ്റില്‍ ജയിക്കണമെങ്കില്‍ കോണ്‍ഗ്രസിന്റെ ചെലവില്‍ മാത്രമേ സാധിക്കുകയുള്ളൂവെന്നും, കോണ്‍ഗ്രസിന്റെ ചെലവിലാണ് ഇതുവരെ ബിജെപി കേരളത്തില്‍ സീറ്റ് നേടിയിട്ടുള്ളതെന്നും എം വി ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം ഇത്തവണ എല്‍ഡിഎഫിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സഹായിച്ചില്ലെങ്കില്‍ അവര്‍ ഒരു സീറ്റിലും ജയിക്കില്ലെന്നത് ഗ്യാരണ്ടിയാണ്. തിരഞ്ഞെടുപ്പില്‍ നിലവില്‍ കാണുന്ന ചിത്രമല്ല യഥാര്‍ഥത്തിലുള്ളത്. പലയിടങ്ങളിലും അടിയൊഴുക്കുണ്ട്. കോണ്‍ഗ്രസ് ഏത് തരത്തിലുള്ള നിലപാടാണ് സ്വീകരിക്കുന്നത് എന്നത് നിര്‍ണായകമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. തിരുവനന്തപുരത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ 41 സ്ഥലത്താണ് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തെത്തിയത്. ഇതില്‍ നിന്നും ബിജെപിക്ക് സഹായം ചെയ്തു കൊടുത്തുവെന്ന് വ്യക്തമല്ലേ എന്നും അദ്ദേഹം ചോദിച്ചു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമല്ലാത്ത ആരുമായും സിപിഎം രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വസ്തുതാപരമായ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമാണ് പ്രാധാന്യമെന്നും വെറും സൂചനകള്‍ക്ക് മറുപടി പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ഞികൃഷ്ണനും, ടി കെ ഗോവിന്ദനും, ജി സുധാകരനുമെല്ലാം യുഡിഎഫിന്റെ സ്ഥാനാര്‍ഥികളാണ് അവരോട് മറുപടി പറയേണ്ട കാര്യം സിപി എമ്മിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ് ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ധൈര്യമുണ്ടോ എന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ യുഡിഎഫിന്റെ പ്രചാരകരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലാകെ തൊഴില്‍ ഉറപ്പാക്കുകയും നൈപുണ്യ വികസനം സാധ്യമാക്കുകയും അതിദാരിദ്ര്യം ഇല്ലാതാക്കുകയും സ്ത്രീശാക്തീകരണത്തിന് പുതിയ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തത് എല്‍ഡിഎഫിന്റെ ഇച്ഛാശക്തികൊണ്ടാണ്. അതുകൊണ്ട് സര്‍ക്കാര്‍ വിരുദ്ധ വികാരം കേരളത്തിലില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

Tags: