ബിജെപി അഴിഞ്ഞാടുന്നു, വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ ആക്രമണം; അമരാവതിയില്‍ അനിശ്ചിതകാല കര്‍ഫ്യൂ

Update: 2021-11-14 03:56 GMT

അമരാവതി: ബിജെപി പ്രഖ്യാപിച്ച ബന്ദ് അക്രമാസക്തമായതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രദേശത്ത് മൂന്ന് ദിവസമായി ഇന്റര്‍നെറ്റ് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ വ്യാപാരസ്ഥാപനങ്ങള്‍ വ്യാപകമായി നശിപ്പിച്ചു. 

ത്രിപുരയിലെ മുസ് ലിംവിരുദ്ധ ആക്രമണത്തിനെതിരേ വെള്ളിയാഴ്ച അമരാവതിയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ കല്ലേറുണ്ടായെന്ന് ആരോപിച്ചാണ് ബിജെപി ബന്ദിന് ആഹ്വാനം ചെയ്തത്.

ശനിയാഴാച രാജ്കമല്‍ ചൗക്കിലും ഗാന്ധി ചൗക്കിലുമാണ് ആദ്യം സംഘര്‍ഷമുണ്ടായത്. ബിജെപി അനുഭാവികള്‍ വ്യാപാരസ്ഥാപനങ്ങളും വാഹനങ്ങളും വ്യാപകമായി ആക്രമിച്ചു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. മഹാരാഷ്ട്ര സര്‍ക്കാര്‍ നാല് കമ്പനി റിസര്‍വ് പോലിസിനെ അയച്ചിട്ടുണ്ട്.

പ്രദേശത്ത് സംഘര്‍ഷമുണ്ടെങ്കിലും നിയന്ത്രണവിധേയമാണെന്ന് ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്ത് 144 പ്രഖ്യാപിച്ചു. അവശ്യവസ്തുക്കള്‍ക്കുവേണ്ടി മാത്രമേ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നുള്ളു.

വ്യാജ സന്ദേശങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കെതിരേ വ്യാജ ആരോപണം നടത്തുകയാണെന്നാരോപിച്ച് ബിജെപി രംഗത്തുവന്നു.

ത്രിപുര സംഭവവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ ചില അനിഷ്ട സംഭവങ്ങളുണ്ടായിരുന്നു. മുന്‍കൂട്ടി അനുമതിയില്ലാതെയാണ് പ്രകടനം നടന്നത്.

ബന്ദ് ആഹ്വാനം ചെയ്യാന്‍തക്ക ഒന്നു സംഭവിച്ചിരുന്നില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

13 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലെ പരാജയത്തിന് ശേഷം ബിജെപിയില്‍ അസ്വസ്ഥത പ്രകടമാണ്. ആ സാഹചര്യത്തിലാണ് വര്‍ഗീയത പരത്താന്‍ ബിജെപി ശ്രമിക്കുന്നത്. സംസ്ഥാനത്തെ കലാപങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തതാണ്, സത്യം ഉടന്‍ പുറത്തുവരുമെന്നും റാവത്ത് പറഞ്ഞു.

Tags:    

Similar News