ബിജെപി സ്‌പോണ്‍സേര്‍ഡ് സംഘടന എന്ന് ആരോപണം; ജമാഅത്തുല്‍ ഉലമ ഇ ഹിന്ദ് സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും രാജിവച്ചു

Update: 2022-04-27 14:55 GMT

കാളികാവ്: ജമാഅത്തുല്‍ ഉലമ ഇ ഹിന്ദ് ബിജെപി സ്‌പോണ്‍സേര്‍ഡ് സംഘടനയാണെന്ന് ആരോപിച്ച് സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവര്‍ രാജിവച്ചു. സംസ്ഥാന പ്രസിഡന്റ് എ പി സഹല്‍ ഫൈസി ഐലാശ്ശേരി, ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദീന്‍ തങ്ങള്‍ തേഞ്ഞിപ്പലം എന്നിവരാണ് രാജിവച്ചത്. ഇരുവരും കാളികാവ് പ്രസ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. 

'ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ കേരളഘടകം ഈ കഴിഞ്ഞ ജനുവരി മാസത്തിലാണ് രൂപീകരിച്ചത്. സുഹൃത്തുക്കള്‍ പരിചയപ്പെടുത്തിയാണ് സംഘടനയിലെത്തിയത്. മുസ് ലിം ന്യൂനപക്ഷങ്ങള്‍ക്കും വിശിഷ്യാ മുഅല്ലിം സമൂഹത്തിനും ഗുണകരമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കുക എന്ന ലക്ഷ്യമാണ് സഘടനക്കുള്ളത് എന്നും തെറ്റിദ്ധരിപ്പിച്ചു. രണ്ട് പേരെയും പ്രസിഡണ്ട്, സെക്രട്ടറി എന്ന പദവിയില്‍ നിയമിച്ചു. തിരൂരില്‍ ബിയാന്‍കോ ഓഡിറ്റോറിയത്തില്‍ വച്ച് 23ന് നടന്ന ഇഫ്താര്‍ സംഗമത്തില്‍ ബിജെപി കേന്ദ്ര സംസ്ഥാന നേതാക്കള്‍ പങ്കെടുത്തിരുന്നു. സംഘടനയുടെ കേന്ദ്ര നേതാക്കള്‍ മോദി സ്തുതി പാടി കേന്ദ്ര സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചതായി വാര്‍ത്ത വന്നിരുന്നു. ഇതോടെയാണ് ചതിയില്‍പെട്ടെന്ന് മനസ്സിലായത്. അതുകൊണ്ടാണ് രാജിവയ്ക്കുന്നത്'- ഇരുവരും പറഞ്ഞു. 

ജമാഅത്തുല്‍ ഉലമ ഇ ഹിന്ദ് എന്ന സംഘടന പൂര്‍ണമായും സംഘപരിവാറിന് അടിമപ്പണി ചെയ്യുന്ന സംഘടനയാണെന്നും മുസ് ലിം വിശ്വാസികള്‍ ഇത്തരം സംഘടനയില്‍ ചേരുമ്പോള്‍ ശ്രദ്ധിക്കണമെന്നും സഹല്‍ ഫൈസിയും സൈനുല്‍ ആബിദീന്‍ തങ്ങളും പറഞ്ഞു. മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് സംഘടനയില്‍ ചേര്‍ക്കുന്നതെന്നും സമുദായത്തിലെ പണ്ഡിതന്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചു. 


Tags: