' പാലാ ബിഷപ്പും മുഖ്യമന്ത്രിയും പറഞ്ഞത് ഒരേ കാര്യങ്ങള്‍' ; വര്‍ഗ്ഗീയ പ്രസ്താവനക്കുള്ള സിപിഎം പിന്‍തുണ ആഘോഷിച്ച് 'ദീപിക പത്രം'

സിറോ മലബാര്‍ സഭയും പാലാ ബിഷപ്പും നടത്തുന്ന മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം അതിനെ ശരിവെക്കുന്ന സിപിഎം നിലപാടുകള്‍ക്കുള്ള അംഗീകാരമായി മാറുകയാണ് ദീപിക പത്രത്തിലെ ലേഖനം

Update: 2021-09-18 04:55 GMT

കോഴിക്കോട്:  നാര്‍കോട്ടിക് ജിഹാദിന്റെ പേരില്‍ പാലാ ബിഷപ്പ് നടത്തിയ വര്‍ഗ്ഗീയ പരാമര്‍ശങ്ങളെ ശരിവെച്ച മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റെയും നിലപാടുകളെ പ്രകീര്‍ത്തിച്ച് ക്രിസ്തീയ സഭയുടെ മുഖപത്രം.


മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അറിഞ്ഞു കൊണ്ടു മൂടി വയ്ക്കാന്‍ ശ്രമിച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് പറഞ്ഞതെന്ന് ദീപിക പത്രം ഇന്ന് പ്രസിദ്ധപ്പെടുത്തിയ ലേഖനം പറയുന്നു. സിപിഎം സര്‍ക്കുലറില്‍ പറഞ്ഞതും ബിഷപ്പ് പറഞ്ഞതും ഒരേ കാര്യങ്ങളാണെന്നും ലേഖനത്തിലുണ്ട്.


'ബിഷപ്പ് പറഞ്ഞതിന് മതത്തിന്റെ പരിവേഷം നല്‍കാന്‍ ചിലര്‍ ശ്രമിച്ചു. സിപിഎം ഇപ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണം എന്നും അസോസിയേറ്റ് എഡിറ്റര്‍ സി കെ കുര്യാച്ചന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. അതേസമയം എതിര്‍ത്ത് പ്രസ്താവന ഇറക്കിയ വി ഡി സതീശനെ ലേഖനച്ചില്‍ വിമര്‍ശിക്കുന്നുമുണ്ട്.


'ബിജെപിക്ക് കാര്യങ്ങള്‍ ബോധ്യമുണ്ടെങ്കില്‍ നടപടി എടുക്കുകയാണ് വേണ്ടത്. ബിഷപ്പിനെ മറയാക്കി മുതലെടുപ്പിന് ശ്രമിക്കരുത്. താലിബാന്‍ വര്‍ഗ്ഗീയതയെ താലോലിക്കുന്നവരുടെ നാവും തൂലികയുമാവാന്‍ സമൂഹം നിന്നു കൊടുക്കരുതെന്നും' ദീപിക അസോസിയേറ്റ് എഡിറ്റര്‍ ലേഖനത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്. സിറോ മലബാര്‍ സഭയും പാലാ ബിഷപ്പും നടത്തുന്ന മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം അതിനെ ശരിവെക്കുന്ന സിപിഎം നിലപാടുകള്‍ക്കുള്ള അംഗീകാരമായി മാറുകയാണ് ദീപിക പത്രത്തിലെ ലേഖനം.




Tags:    

Similar News