കേരളകോണ്‍ഗ്രസ് എമ്മിന് ഒരുമന്ത്രിയും കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പും; ഇടതുമുന്നണി ഉഭയ കക്ഷി ചര്‍ച്ച തുടങ്ങി

Update: 2021-05-10 06:08 GMT

തിരുവനന്തപുരം: ഇടതുമന്ത്രിസഭ രൂപകരണവുമായി ബന്ധപ്പെട്ടുള്ള ഉഭയകക്ഷി ചര്‍ച്ച തിരുവനന്തപുരത്ത് ആരംഭിച്ചു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. മുന്നണിയില്‍ പ്രധാന കക്ഷികളായ സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. ഈ മാസം 20ന് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കണമെന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് സ്ഥാനവുമാവും ലഭിക്കുക. എന്നാല്‍ രണ്ട് മന്ത്രിസ്ഥാനമാണ് ജോസ് കെ മാണി ആവിശ്യപ്പെടുന്നത്. ഇരു ദളുകളും ഒരുമിക്കണമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിരുന്നു. ജെഡിഎസിനും എല്‍ജെഡിക്കും കൂടി മന്ത്രി സ്ഥാനം നല്‍കാന്‍ കഴിയില്ലെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു.

ഏക അംഗങ്ങളുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ബി) എന്നിവര്‍ക്ക് മന്ത്രി സ്ഥാനം ലഭിക്കാനാണ് സാധ്യത. എന്നാല്‍ ഐഎന്‍എല്ലിന് മന്ത്രി സ്ഥാനം ലഭിക്കാനുള്ള സാധ്യത കുറവാണ്. കടന്നപ്പള്ളി രാമചന്ദ്രന് ഇത്തവണ മന്ത്രി സ്ഥാനം ഉണ്ടാകില്ല. എന്‍സിപിക്ക് മന്ത്രിസ്ഥാനം ലഭിക്കും. ഇന്നും നാളെയുമായി നടക്കുന്ന ഉഭയ കക്ഷി ചര്‍ച്ചയില്‍ അന്തിമ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷ.

Tags:    

Similar News