ഉത്തര കൊറിയയില്‍ വന്‍ വിലക്കയറ്റം; പഴത്തിന് 3340 രൂപ

യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം 8.60 ലക്ഷം ടണ്‍ ഭക്ഷ്യധാന്യക്കമ്മിയാണ് ഉത്തരകൊറിയ നേരിടുന്നത്.

Update: 2021-06-23 06:57 GMT

പോങ്‌യാങ്: ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ വന്‍ വിലക്കയറ്റം. അവശ്യവസ്തുക്കളുടെ വിലയില്‍ വന്‍ വര്‍ധനയാണ് സംഭവിക്കുന്നത്. കൊവിഡ് മൂലം രാജ്യത്തിന്റെ എല്ലാ അതിര്‍ത്തിയും അടച്ചിട്ട സാഹചര്യത്തില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാകാനാണ് സാധ്യത എന്നാണ് വിലയിരുത്തല്‍. യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം 8.60 ലക്ഷം ടണ്‍ ഭക്ഷ്യധാന്യക്കമ്മിയാണ് ഉത്തരകൊറിയ നേരിടുന്നത്.

ഒരു കിലോ വാഴപ്പഴത്തിന് 45 ഡോളര്‍ (3340 രൂപ) ആണ് ഈടാക്കുന്നത്. ഒരു പാക്കറ്റ് കാപ്പിപ്പൊടിയുടെ വില 100 ഡോളറായി (7414 രൂപ) കുതിച്ചുയര്‍ന്നു. ബീഫ്, ബ്രഡ്, പാല്‍ തുടങ്ങി എല്ലായിനം ഭക്ഷ്യവസ്തുക്കളുടെയും വില വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്.

ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമമുണ്ടെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ സമ്മതിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കിം പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി യോഗത്തിലാണ് ഭക്ഷ്യക്ഷാമം സമ്മതിച്ചത്. രാജ്യത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതില്‍ കാര്‍ഷിക മേഖല പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും കിം ആവശ്യപ്പെട്ടു. മുന്‍പ് നായ്ക്കളെ വളര്‍ത്തുന്നതിന് കിം ജോങ് ഉന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നായ്ക്കളെ വളര്‍ത്തുന്നത് മുതലാളിത്ത രീതിയാണെന്നും അവയെ മാംസത്തിന് ഉപയോഗിക്കുകയാണ് വേണ്ടതെന്നുമായിരുന്നു നിര്‍ദ്ദേശിച്ചത്. ഇതിനു ശേഷം രാജ്യത്തെ വളര്‍ത്തുനായ്ക്കളെ പിടികൂടി കൊന്ന് ഭക്ഷണമാക്കിയിരുന്നു.

Tags:    

Similar News