മൂന്നു ഭാര്യമാർ, ഒമ്പതു കുട്ടികൾ; ഉപജീവനത്തിനായി കള്ളനായി യുവാവ്; ഒടുവിൽ അറസ്റ്റിൽ....

Update: 2025-05-30 10:55 GMT

ബെംഗളൂരു: മൂന്നു ഭാര്യമാരെയും ഒമ്പതു കുട്ടികളെയും നോക്കാന്‍ കള്ളനായി മാറിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. 36 വയസ്സുള്ള ബാബാജാന്‍ എന്നയാളാണ് ബെംഗളൂരുവില്‍ നിന്നു പോലിസ് പിടിയിലായത്. ഇയാളുടെ കൈവശം നിന്ന് 188 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍, 550 ഗ്രാം വെള്ളി ആഭരണങ്ങള്‍, 1,500 രൂപ എന്നിവയും കണ്ടെടുത്തു.

പോലിസ് പറയുന്നതനുസരിച്ച്, ബാബാജാന് മൂന്ന് ഭാര്യമാരുണ്ട്. മൂന്നു പേരും ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ്. ഒരാള്‍ ആനേക്കലിനടുത്തുള്ള ശിക്കാരിപാളയത്തും രണ്ടാമത്തെ ഭാര്യ ചിക്കബല്ലാപുരയിലും മറ്റേയാള്‍ ശ്രീരംഗപട്ടണത്തുമാണ് താമസം. മൂന്നു പേരിലും കുട്ടികളുള്ള ബാബാജാന്‍ ഇവരെ നന്നായി വളര്‍ത്തുന്നുണ്ടെന്നും മൂന്നു ഭാര്യമാര്‍ക്കും അതിനാവശ്യമായ സാമ്പത്തികവും നല്‍കുന്നുണ്ടെന്നും പോലിസ് പറയുന്നു.

മോഷണം നടത്തിയാണ് കുടുംബത്തിന്റെ ചെലവുകള്‍ക്കുള്ള പണം ഇയാള്‍ കണ്ടെത്തുന്നത്. ഭാരിച്ച ചെലവുകള്‍ ഇയാളെ ഒരു വലിയ കള്ളനാക്കി മാറ്റുകയായിരുന്നു. കൂടുതല്‍ മോഷണം നടത്താന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത മകനെയും കൂടെ കൂട്ടി. ഇതോടെയാണ് ഇയാള്‍ പോലിസിന്റെ ശ്രദ്ധയില്‍ പെട്ടത്. മെയ് ഏഴിന് ബെട്ടദാസനപുരയിലെ 56 കാരിയായ റോജമ്മയുടെ വീട്ടില്‍ നടന്ന ഒരു കവര്‍ച്ചയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരും പോലിസിന്റെ നിരീക്ഷണത്തിലായത്. വസ്ത്രങ്ങള്‍ ഉണക്കാന്‍ ടെറസിലേക്ക് പോയപ്പോള്‍ അവരുടെ വീട്ടില്‍ നിന്ന് 4.6 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ ഇവര്‍ മോഷ്ടിക്കുകയായിരുന്നു.

മോഷണത്തിനായി, തുറന്നിട്ടതോ വാതിലുകള്‍ പൂട്ടിയതോ ആയ വീടുകള്‍ ബാബാജന്‍ കണ്ടെത്തും. ടെറസുകളില്‍ നില്‍ക്കുന്നവരോ അയല്‍ക്കാരുമായി സംസാരിക്കുന്നതോ ആയ സ്ത്രീകളെ നിരീക്ഷിക്കുകയും പിന്നീട് അവിടെ മോഷണം നടത്തുകയും ചെയ്യും. എന്നാല്‍ മോഷണം കൂടിയപ്പോള്‍ പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു കണ്ട ബാബാജാന്‍ മകനെ ഒപ്പം കൂട്ടുകയായിരുന്നു. മോഷണക്കേസുകളില്‍ പിടിച്ചാല്‍ പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് അധികം ശിക്ഷ ലഭിക്കില്ലെന്ന ധാരണയായിരുന്നു ഇതിനു പിന്നില്‍.

ബാബാജനെ അറസ്റ്റ് ചെയ്തതോടെ നിലവില്‍ എട്ട് മോഷണ കേസുകള്‍ പരിഹരിക്കാന്‍ കഴിഞ്ഞെന്ന് പോലിസ് പറയുന്നു. കുടുംബം നിലനിര്‍ത്താന്‍ അയാള്‍ക്ക് ബുദ്ധിമുട്ടായി മാറിയപ്പോള്‍ അയാള്‍ ഒരു കള്ളനായി മാറിയെന്നും പോലിസ് പറയുന്നു.

Tags: