സില്‍വര്‍ലൈനില്‍ അതൃപ്തി അറിയിച്ച് ബംഗാള്‍ ഘടകം

ബംഗാളിലെ പാര്‍ട്ടിക്ക് തിരിച്ചടിയായ നന്ദിഗ്രാം, സിങ്കൂര്‍ സംഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്നു ബംഗാള്‍ ഘടകം മുന്നറിയിപ്പ് നല്‍കി

Update: 2022-04-07 05:19 GMT

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ അതൃപ്തി അറിയിച്ച് ബംഗാള്‍ ഘടകം.കേന്ദ്ര നേതൃത്വം കേരളഘടകത്തിന് മുന്നറിയിപ്പ് നല്‍കണം.ബംഗാളിലെ പാര്‍ട്ടിക്ക് തിരിച്ചടിയായ നന്ദിഗ്രാം, സിങ്കൂര്‍ സംഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്നും ബംഗാള്‍ ഘടകം മുന്നറിയിപ്പ് നല്‍കി.

പാര്‍ട്ടികോണ്‍ഗ്രസില്‍ സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രി കെറെയില്‍ വിഷയം അവതരിപ്പിച്ചിരുന്നു. പദ്ധതി നടപ്പിലാക്കും എന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ച് നില്‍ക്കുകയാണ്.ഈ ഒരു വിഷയത്തിലാണ് ബംഗാള്‍ നേതാക്കള്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ കാണാതിരിക്കരുതെന്നും,ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി പ്രതിഷേധങ്ങള്‍ ഒഴിവാക്കി വേണം പദ്ധതി നടപ്പിലാക്കാനെന്നും ബംഗാള്‍ നേതാക്കള്‍ പറഞ്ഞു.

പാര്‍ട്ടിക്ക് മുമ്പില്‍ നന്ദിഗ്രാം തിരിച്ചടി നേരിട്ട മാതൃകയായി മുന്നില്‍ നില്‍പ്പുണ്ട്. അതുകൊണ്ട് ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കരുത്. ഭൂപ്രശ്‌നങ്ങള്‍ വലിയ തിരിച്ചടിയാകുമെന്നും വലിയ രീതിയിലുള്ള ആലോചനകള്‍ വേണമെന്നുമുള്ള നിര്‍ദ്ദേശമാണ് ബംഗാള്‍ ഘടകത്തിലെ മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ടുവെക്കുന്നത്.

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ തുടക്കത്തില്‍ തന്നെ വ്യത്യസ്ത അഭിപ്രായമാണ് ബംഗാള്‍ ഘടകത്തിന്റേത്. കേരളഘടകം പൂര്‍ണമായും പിന്തുണക്കുന്നുണ്ട്. എന്നാല്‍ കെറെയില്‍ വിഷയത്തില്‍ വ്യക്തമായ അഭിപ്രായം സിപിഎം കേന്ദ്രനേതൃത്വം പറഞ്ഞിട്ടില്ല. സാമൂഹികാഘാത പഠനം പുറത്തുവന്നതിനുശേഷം പ്രതികരിക്കാമെന്നാണ് കഴിഞ്ഞദിവസം ചോദ്യമുയര്‍ന്നപ്പോഴും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്.അതേസമയം, എതിര്‍പ്പുണ്ടാവാതെ കെറെയില്‍ വിഷയത്തില്‍ നേതൃത്വത്തിന്റെ ഒറ്റക്കെട്ടായ പിന്തുണയുറപ്പിക്കുകയാണ് പിണറായിയുടെ ലക്ഷ്യം.



Tags:    

Similar News