ബാര്‍ കൗണ്‍സില്‍ അംഗത്വത്തിന് പുതിയ നിബന്ധനകളുമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പുതിയ വ്യവസ്ഥകളെ സംബന്ധിച്ച സൂചനകളുള്ളത്.

Update: 2019-11-22 16:26 GMT

ന്യൂഡല്‍ഹി: ബാര്‍ കൗണ്‍സില്‍ അംഗത്വത്തിന് പുതിയ വ്യവസ്ഥകള്‍ അവതരിപ്പിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിന് വിചാരണക്കോടതിയിലെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധമാക്കുന്നതാണ് പ്രധാന നിബന്ധനകളിലൊന്ന്. സുപ്രിം കോടതിയില്‍ പ്രാക്റ്റീസ് ആരംഭിക്കുന്നതിനും പുതിയ വ്യവസ്ഥകള്‍ പരിഗണനയിലുണ്ട്. ജുഡീഷ്യല്‍ ഓഫിസര്‍മാരായി നിയമിക്കപ്പടുന്നവര്‍ക്കും അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്കും നിയമത്തിലുള്ള അറിവും പരിചയവും മെച്ചപ്പെടുത്തുകയാണ് പ്രധാന ഉദ്ദേശ്യം.

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പുതിയ വ്യവസ്ഥകളെ സംബന്ധിച്ച സൂചനകളുള്ളത്. കഴിഞ്ഞ ദിവസം സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെ അനുമോദിച്ചുകൊണ്ട് നടന്ന ചടങ്ങില്‍ നിയമരംഗത്ത് പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും നിയമപരിചയം വര്‍ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ നിര്‍ദേശിച്ചിരുന്നു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ മനാന്‍ കുമാര്‍ മിശ്രയും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും സന്നിഹിതരായ വേദിയില്‍ വച്ചായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഇടപെടല്‍.

ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം കണക്കിലെടുത്താണ് നിയമരംഗം കാലാനുസൃതമായി പരിഷ്‌കരിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തീരുമാനിച്ചത്.

ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ചെയ്യാന്‍ വിചാരണക്കോടതിയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം വേണമെന്നാണ് ആദ്യ നിര്‍ദേശം. ജില്ലാ, താലൂക്ക് കോടതികളിലെ പ്രവര്‍ത്തിപരിചയമാണ് ആവശ്യം. സുപ്രിം കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുന്നതിന് ഹൈക്കോടതില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രാക്റ്റീസ് വേണം. ബാര്‍ കൗണ്‍സില്‍ നിര്‍ദേശിക്കുന്ന പ്രവൃത്തിപരിചയം ഉണ്ടെന്നതിന് പതിനഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിയമുള്ള സീനിയര്‍ അഭിഭാഷകന്റെയോ ജില്ലാ ജഡ്ജിയുടെയോ ബിസിഐ നിര്‍ദേശിക്കുന്ന ഫോര്‍മാറ്റിലുള്ള പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത് നല്‍കുന്ന അഭിഭാഷകര്‍ക്ക് മാത്രമേ അതത് ബാര്‍ കൗണ്‍സിലുകളില്‍ അംഗത്വം നല്‍കൂ. ഒപ്പം കുറഞ്ഞത് ഒരു നിശ്ചിത തവണ കോടതിയില്‍ ഹാജരാവണമെന്ന നിബന്ധയും ശുപാര്‍ശയിലുണ്ട്. നിലവില്‍ പ്രവര്‍ത്തിപരിചയം വേണമെന്ന നിബന്ധനകളില്ല ഏത് അഭിഭാഷകനും ഏത് ബാറിലും അംഗത്വമെടുക്കാം.

കീഴ്‌കോടതിയില്‍ ജഡ്ജിമാരാവുന്നവര്‍ക്ക് നിയമത്തിലുളള അവഗാഹം നിലനിര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങളാണ് അടുത്തത്. ജില്ലാ കോടതിയില്‍ ജഡ്ജിയാവുന്നതിനുള്ള നിബന്ധന ഇതുവരെ കുറഞ്ഞത് മൂന്നു വര്‍ഷമായിരുന്നു. ഇതിലും മാറ്റം വന്നേക്കും. കീഴ് കോടതിയിലെത്തുന്ന ജഡ്ജിമാര്‍ക്ക് നിയമപ്രശ്‌നങ്ങളും കോടതിനടപടികളും കൈകാര്യം ചെയ്യുന്നതില്‍ ആവശ്യമായ അവഗാഹമില്ലെന്ന് ബാര്‍ കൗണ്‍സില്‍ വിലയിരുത്തുന്നു.

തുടര്‍ നിയമപഠനമാണ് മറ്റൊന്ന്. കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി തന്നെ ആദ്യ പത്തു വര്‍ഷം തുടര്‍പഠനത്തിന് അവസരമൊരുക്കാനാണ് ഉദ്ദേശിക്കുന്നത്. വിരമിച്ച ജഡ്ജിമാരോ സീനിയര്‍ അഭിഭാഷകരോ ആണ് ക്ലാസുകള്‍ എടുക്കുക. ഓരോ അഭിഭാഷകരും ആദ്യ പത്തു വര്‍ഷം ക്ലാസുകളില്‍ ഹാജരാവുമെന്ന് അതത് ബാര്‍ കൗണ്‍സില്‍ ഉറപ്പുവരുത്തും.

കോടതികളില്‍ പ്രാക്റ്റീസ് ചെയ്യാത്തവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കും ബാര്‍ കൗണ്‍സിലില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്താനും ആലോചനയുണ്ട്.

ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെങ്കില്‍ അഡ്വക്കേറ്റ് ആക്റ്റ്, 1961 ഭേദഗതി ചെയ്യേണ്ടിവരും. അതും ശുപാര്‍ശയില്‍ ഉള്‍പ്പെടുന്നു. നിലവില്‍




Tags:    

Similar News