നടിയെ ആക്രമിച്ച കേസ് ഇന്ന് വിചാരണക്കോടതിയില്‍

Update: 2022-07-16 03:07 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയം അവസാനിച്ചതിന്റെ പശ്ചാത്തലത്തില്‍ വിചാരണ കോടതി കേസ് ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനെതിരേ ദിലീപ് നല്‍കിയ കോടതിയലക്ഷ്യ ഹരജിയും ഇന്ന് വീണ്ടും വിചാരണ കോടതിയുടെ പരിഗണനയ്‌ക്കെത്തും. ഹൈക്കോടതി നിര്‍ദേശിച്ചാല്‍ തുടരന്വേഷണം നടത്തിയതിന്റെ അന്തിമ റിപോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

തുടരന്വേഷണത്തിന് സമയം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി പരിഗണിച്ചപ്പോള്‍ അന്തിമ റിപോര്‍ട്ട് തയ്യാറാണെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. അതിനാല്‍, തിങ്കളാഴ്ച ഹൈക്കോടതി നിര്‍ദേശിച്ചാല്‍ അന്നുതന്നെ റിപോര്‍ട്ട് വിചാരണ കോടതിക്ക് കൈമാറും. അന്വേഷണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ആദ്യ ക്‌ളോണ്‍ഡ് പകര്‍പ്പും മിറര്‍ ഇമേജും മുദ്ര വച്ച കവറില്‍ തിങ്കളാഴ്ച രാവിലെ വിചാരണക്കോടതിയില്‍ നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് ഇക്കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ അറിയിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം നടക്കുന്നത്.

Tags: