ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

Update: 2025-07-30 07:03 GMT

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി.ജാമ്യം നല്‍കാന്‍ പരിമിതിയുണ്ടെന്ന് പറഞ്ഞാണ് ദുര്‍ഗ് സെഷന്‍സ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്.

മേല്‍ക്കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ കോടതിയിലെ മുഴുവന്‍ വിവരങ്ങളും ലഭ്യമല്ല. എന്‍ഐഎ ഈ കേസ് ഏറ്റെടുക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ദുര്‍ഗ് സെഷന്‍സ് കോടതിയിലെ അഭിഭാഷകര്‍ തന്നെയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

അതേസമയം, ജാമ്യം തള്ളിയതിനേ തുടര്‍ന്ന് ബജ്രംങ് ദള്‍ പ്രവര്‍ത്തകര്‍ കോടതിക്കു മുന്നില്‍ ആഹ്‌ളാദ പ്രകടനം നടത്തി. കേസുമായി മുമ്പോട്ടു പോകാനാണ് തീരുമാനം എന്നു തന്നെയാണ് ബജ്രംങ് ദള്‍ പ്രവര്‍ത്തകര്‍ പറയുന്നത്. നേരത്തെ തന്നെ കോടതിക്കു മുമ്പില്‍ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബജ്രംങ് ദള്‍ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. കോടതിക്ക് മുന്നിലായിരുന്നു പ്രതിഷേധപ്രകടനം. ജ്യോതി ശര്‍മയുള്‍പ്പെടെയുള്ള നേതാക്കള്‍ മുദ്രാവാക്യം വിളികളോടെയാണ് കോടതിക്ക് മുന്നിലെത്തിയത്.

മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ചാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.സ്ത്രീകള്‍ പ്രായപൂര്‍ത്തിയായവരാണെന്നും അവരുടെ സമ്മതത്തോടെയാണ് യാത്ര ചെയ്തതെന്നുമുള്ള റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും, പോലിസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 143 പ്രകാരവും 1968 ലെ ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ നിയമത്തിലെ സെക്ഷന്‍ 4 പ്രകാരവും കുറ്റം ചുമത്തുകയുമായിരുന്നു. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Tags: