ചൈനയിലേക്കുള്ള ബഹ്റൈന്‍ പൗരന്മാരുടെ വിസയില്ലാ യാത്രാനയം 2026 ഡിസംബര്‍ വരെ നീട്ടി
മനാമ: ബഹ്റൈന്‍ പൗരന്മാര്‍ക്ക് ചൈനയിലേക്കുള്ള വിസയില്ലാ യാത്രാനയം ബീജിംഗ് സര്‍ക്കാര്‍ 2026 ഡിസംബര്‍ 31 വരെ നീട്ടി. നിലവില്‍ 45 രാജ്യങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഈ വിസരഹിത പ്രവേശനയം വിപുലപ്പെടുത്തിക്കൊണ്ടാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പുതിയ പ്രഖ്യാപനം നടത്തിയത്.
ബഹ്റൈന്‍ പൗരന്മാര്‍ക്ക് വിനോദസഞ്ചാരം, കുടുംബസന്ദര്‍ശനം, ബിസിനസ് ആവശ്യങ്ങള്‍ എന്നിവക്കായി വിസയില്ലാതെ പരമാവധി 30 ദിവസം വരെ ചൈനയില്‍ താമസിക്കാനാകും. ഈ ആനുകൂല്യം ലഭിക്കുന്ന രാജ്യങ്ങളില്‍ കുവൈത്ത്, ഒമാന്‍, സൗദി അറേബ്യ എന്നിവയുള്‍പ്പെടെ മറ്റു ജിസിസി രാജ്യങ്ങളും ഉള്‍പ്പെടുന്നു. നിലവിലെ നയം ഈ വര്‍ഷാവസാനത്തോടെ അവസാനിക്കാനിരുന്നെങ്കിലും, ദ്വിപക്ഷ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി കാലാവധി നീട്ടിയതായി ചൈനീസ് മന്ത്രാലയം വ്യക്തമാക്കി.
ഇതോടൊപ്പം, നവംബര്‍ 10 മുതല്‍ സ്വീഡന്‍ പൗരന്മാര്‍ക്കും വിസരഹിത പ്രവേശനാനുമതി നല്‍കാനാണ് ചൈന തീരുമാനിച്ചത്. യൂറോപ്പിലെ 32 രാജ്യങ്ങള്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ജപ്പാന്‍, ദക്ഷിണകൊറിയ, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍, ഗള്‍ഫ് മേഖലാ രാജ്യങ്ങള്‍ എന്നിവയും ഈ വിസയിളവ് പട്ടികയില്‍ ഉള്‍പ്പെടുന്നു.