മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം; മാള സ്വദേശി അറസ്റ്റില്‍

Update: 2022-07-23 15:34 GMT

മാള: പ്രവാചകന്‍ മുഹമ്മദി നബിയെക്കുറിച്ച് ഫേസ്ബുക്കിലൂടെ അശ്ലീല പദപ്രയോഗം നടത്തി അപകീര്‍ത്തിപ്പെടുത്തിയയാളെ മാള പോലിസ് അറസ്റ്റ് ചെയ്തു. പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ പരാമര്‍ശം നടത്തിയ കുണ്ടൂര്‍ ഐനിക്കല്‍ പൗലോസിനെയാണ് മാള പോലിസ് അറസ്റ്റ് ചെയ്തത്. 153 എ (മതസ്പര്‍ധ വളര്‍ത്താനുള്ള ശ്രമം) പ്രകാരമാണ് അറസ്റ്റ്.

കസ്റ്റഡിയിലെടുത്ത് തെളിവുകള്‍ ശേഖരിച്ചതിന് ശേഷമാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഫേയ്‌സ്ബുക്കിലൂടെയും മറ്റും നിരന്തരമായി അശ്ലീല പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് ഇസ്‌ലാം മത വിശ്വാസികളെ വ്രണപ്പെടുത്തിയതായി കൊച്ചുകടവ് മഹല്ല് കമ്മിറ്റി മാള പോലിസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഏറെ സൗഹാര്‍ദത്തോടെയും സമാധാനത്തോടെയുമായ അന്തരീക്ഷമുള്ള കുണ്ടൂര്‍ കൊച്ചുകടവ് പ്രദേശത്ത് സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ പ്രദേശത്തുകാരന്‍ തന്നെ ഇറങ്ങിപ്പുറപ്പെട്ടതാണ് വേദനിപ്പിക്കുന്നത്.

നിരന്തരമായി മോശം പദപ്രയോഗങ്ങള്‍ ഉപയോഗിക്കുകയും അതുമൂലം നാട്ടില്‍ ചര്‍ച്ചയാവുകയും ചെയ്തു. മതസൗഹാര്‍ദത്തിന് മങ്ങലേല്‍ക്കുന്ന പോസ്റ്റുകളാണ് ഇദ്ദേഹം ഫേസ്ബുക്കിലൂടെ നല്‍കിയത്. തെറ്റ് ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറായിരുന്നില്ല. കൂടുതല്‍ അശ്ലീല പ്രയോഗങ്ങള്‍ നടത്തുകയാണ് ചെയ്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags: