സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമം; ശക്തമായ പ്രതിരോധത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

Update: 2021-12-07 03:19 GMT

തൃശൂര്‍: സഹകരണ മേഖലയ്‌ക്കെതിരായ നീക്കങ്ങള്‍ക്കെതിരെ ശക്തമായി ഉണര്‍ന്നു പ്രതിഷേധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റെന്തിനോടെങ്കിലുമുള്ള വിപ്രതിപത്തിമൂലം സഹകരണ മേഖലയെ അപകടത്തിലാക്കരുതെന്ന് കേരളം ഇത്തരക്കാരോട് പലവട്ടം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ വകുപ്പിന്റെ കെയര്‍ ഹോം രണ്ടാം ഘട്ട പദ്ധതിയില്‍പ്പെടുത്തി തൃശൂര്‍ പഴയന്നൂരില്‍ നിര്‍മിച്ച ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

ആഗോളവത്കരണവും ഉദാരവത്കരണവും അതിന്റെ തുടര്‍ച്ചയായ സ്വകാര്യവത്കരണ നയവും ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതു സഹകരണ മേഖലയെയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നാടിന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന സഹകരണ മേഖലയെ ഈ രീതിയില്‍ തുടരാന്‍ അനുവദിച്ചുകൂടാ എന്നു ചിന്തിക്കുന്ന അവസ്ഥ രാജ്യത്ത് ഉണ്ടായിരിക്കുന്നു. ഇത്തരം മേഖലയേയും സ്ഥാപനങ്ങളേയും സംവിധാനങ്ങളേയും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട പൊതുസംവിധാനങ്ങള്‍ അതിനെ തകര്‍ക്കാന്‍ ഉതകുന്ന നിര്‍ദേശങ്ങളുമായി വരുന്നു.

ഇതു കേരളത്തിനെതിരായ നീക്കമാണ്. ഓരോ സഹകരണ സ്ഥാപനവും നാടിന്റേതും ജനങ്ങളുടേതുമാണ്. അതുകൊണ്ടാണു കെയര്‍ഹോം പോലെ ജനോപകാരപ്രദമായ നടപടികളിലേക്കു സഹകരണ മേഖലയ്ക്കു കടക്കാന്‍ കഴിയുന്നത്. ഇതിനെ തകര്‍ക്കാന്‍ അനുവദിക്കില്ല എന്ന നിലപാട് നമ്മില്‍നിന്ന് ഉയരണം. ഹുങ്കോടെ ജനവികാരത്തെ തകര്‍ത്തുകളയാം എന്നു വിചാരിച്ചവര്‍ക്കു ജനംതന്നെ അവരുടെ കരുത്തിലൂടെ മറുപടി നല്‍കിയ കാലമാണിത്. എല്ലാറ്റിനുംമീതെ ജനങ്ങളുടെ കരുത്താണു നിലനില്‍ക്കുന്നത്.

അതു കൂടുതല്‍ മികച്ച രീതിയില്‍ പ്രകടിപ്പിക്കാനും ഇതിനെതിരേ ഉണരാനും ഉയര്‍ന്നു പ്രതിഷേധിക്കാനും എല്ലാവര്‍ക്കും കഴിയേണ്ടതുണ്ട് - മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തും സേവന മനോഭാവവുമാണു കെയര്‍ ഹോമിലൂടെ പ്രകടമാകുന്നത്. രാജ്യത്തിനുമുന്നില്‍ത്തന്നെ വളരെ പ്രത്യേകതയുള്ളതും കേരളത്തിനുമാത്രം അവകാശപ്പെട്ടതുമാണ് ഇത്. 2018ലെ മഹാപ്രളയത്തില്‍ തകര്‍ന്ന 2,000 വീടുകള്‍ പുനര്‍നിര്‍മിക്കുമെന്നു സഹകരണ വകുപ്പ് പ്രഖ്യാപിച്ചു. 2,090 വീടുകള്‍ നിര്‍മിച്ചു. ഇതു തുടരേണ്ടതുണ്ടെന്ന ബോധ്യത്തില്‍നിന്നാണു രണ്ടാം ഘട്ട കെയര്‍ഹോം പദ്ധതി ആരംഭിച്ചത്.

കേരളത്തിലെ സഹകരണ മേഖലയ്ക്കല്ലാതെ ഇത്തരമൊരു ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ല. ഇതിലെ പ്രധാന പങ്കു വഹിച്ചിട്ടുള്ളതു സംസ്ഥാനത്തെ െ്രെപമറി ബാങ്കുകളാണ്. ഏതെങ്കിലും തരത്തില്‍ പലിശ പിടുങ്ങി ലാഭം കൂട്ടുക എന്നു ചിന്തിച്ചുകൊണ്ടിരിക്കുന്ന ആര്‍ത്തിപ്പണ്ടാരത്തിന്റെ നിലയല്ല സഹകരണ ബാങ്കുകള്‍ സ്വീകരിക്കുന്നത്. ജനങ്ങളെ മുന്നില്‍ക്കണ്ടു ജനോപകാരപ്രദമായ പദ്ധതികളാണു സഹകരണ മേഖല നടപ്പാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Tags:    

Similar News