അട്ടപ്പാടിയിലെ പട്ടിണിമരണങ്ങള്‍: സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

Update: 2021-11-29 09:55 GMT

കൊച്ചി: അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ് മൂലം ശിശുമരണങ്ങളുള്‍പ്പെടെ ആവര്‍ത്തിക്കുന്നതിന്റെ പ്രധാന ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം.

കോടിക്കണക്കിന് രൂപ ആദിവാസികളുടെ വികസനത്തിനായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെങ്കിലും വക മാറ്റി ചെലവഴിക്കലും അഴിമതിയും മൂലം അതിന്റെ ഗുണഫലം ആദിവാസി കുടുംബങ്ങള്‍ക്ക് ലഭിക്കുന്നില്ല. ആദിവാസികളുടെ ജീവനുപോലും സംരക്ഷണം നല്‍കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെയാണ് വ്യക്തമാക്കുന്നത്. ആദിവാസി മേഖലയില്‍ അവര്‍ക്കാവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്നതും അഴിമതി പൂര്‍ണതോതില്‍ വ്യക്തമാവുകയും ചെയ്തിട്ടും അത് മറച്ചുവെക്കുന്ന സര്‍ക്കാര്‍ അടിസ്ഥാന ജനവിഭാഗങ്ങളോട് അനീതി കാട്ടുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

പ്രകൃതി ക്ഷോഭങ്ങളിലും കനത്ത പേമാരിയിലും ഉള്‍വനങ്ങളില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങളുടെ ജീവന്‍ അപകടത്തിലായിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങളുടെ ദൈന്യത കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നെങ്കിലും സത്വര നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും നിസ്സംഗത പുലര്‍ത്തുകയാണ്. ഇത് അട്ടിപ്പാടിയിലേതിനേക്കാള്‍ വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കുമെന്നും മേരി എബ്രഹാം മുന്നറിയിപ്പു നല്‍കി. 

Tags:    

Similar News