മമതാ ബാനര്‍ജിക്കെതിരേ ആക്രമണം; മെഡിക്കല്‍ റിപോര്‍ട്ട് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു

Update: 2021-03-14 19:02 GMT

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മെഡിക്കല്‍ റിപോര്‍ട്ട് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ ബിജെപി പ്രതിനിധി സംഘം കൊല്‍ക്കത്തയില്‍ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ കണ്ടു.

''മമതാ ബാനര്‍ജി ആദ്യം ഇതിനെ ആക്രമണമെന്നാണ് വിശേഷിപ്പിച്ചത്. അപകടമുണ്ടായിനു ശേഷം മമതാ ബാനര്‍ജി ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു. അവരുടെ മെഡിക്കല്‍ രേഖകള്‍ പരസ്യപ്പെടുത്തണം. ആരോഗ്യവിദഗ്ധരും ഡോക്ടര്‍മാരും സ്വാധീനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്നു''- ബിജെപി നേതാവ് അര്‍ജുന്‍ സിങ് തിരഞ്ഞെടുപ്പ് മേധാവിയോട് പറഞ്ഞു. ഇതുസംബന്ധിച്ച പരാതിയും കമ്മീഷന് കൈമാറിയിട്ടുണ്ട്.

ആക്രമണത്തെ മമത രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും പ്രതിനിധി സംഘം കമ്മീന് നല്‍കിയ പരാതിയില്‍ പറയുന്നു.

നന്ദിഗ്രാമില്‍ മാര്‍ച്ച് 10ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് മമതയ്ക്ക് ആക്രമണത്തില്‍ പരിക്കേറ്റത്. ഇസഡ് പ്ലസ് പ്രോട്ടോകോള്‍ പ്രകാരം സുരക്ഷ നല്‍കുന്നതില്‍ വീഴ്ചവരുത്തിയതില്‍ ഉദ്യോഗസ്ഥനെതിരേ ഒരാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്ന് കമ്മീഷന്‍ അറിയിച്ചു. പുര്‍ബി മേദിനിപൂരിലെ എസ്പി പ്രവീണ്‍ പ്രകാശിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. നന്ദിഗ്രാം സംഭവത്തിന്റെ പേരില്‍ ജില്ലാ മജിസ്‌ട്രേറ്റിനെയും നീക്കം ചെയ്തിട്ടുണ്ട്. പകരം ഐഎഎസ് ഉദ്യോഗസ്ഥനായ സ്മിത പാണ്ഡെയെ നിയമിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. നന്ദിഗ്രാം കലട്കറെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടാത്ത തസ്തികയിലേക്ക് മാറ്റാന്‍ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മുന്‍ ഡിജിപി അനില്‍കുമാര്‍ ശര്‍മയെ പ്രത്യേക നിരീക്ഷകനായി കമ്മീഷന്‍ നിയോഗിച്ചു. മമതയ്ക്ക് ആക്രമണത്തെ തുടര്‍ന്ന് കാലിന് പരിക്കേറ്റിരുന്നു. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി. ആക്രമണത്തില്‍ പ്രതിഷേധിച്ച് വീല്‍ചെയറിലാണ് മമത പ്രചാരണം നടത്തുന്നത്.

294 അംഗ ബംഗാള്‍ നിയമസഭയിലേക്ക് മാര്‍ച്ച് 27 മുതലാണ് എട്ട് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 2ന് ഫലംപ്രഖ്യാപിക്കും.

Tags: