നവി മുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് വീണു; ഒരാള്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Update: 2022-10-02 05:57 GMT

മുംബൈ: മഹാരാഷ്ട്ര നവി മുംബൈയിലെ ബോങ്കോട് ഗ്രാമത്തില്‍ നാല് നില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. ശനിയാഴ്ച രാത്രി 10:30നാണ് അപകടം നടന്നത്. കോപാര്‍ ഖൈരാനെ മേഖലയിലെ ബോങ്കോട് ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുകയാണ്. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് റിപോര്‍ട്ടുകളുണ്ട്. 20 ഫഌറ്റുകളുള്ള കെട്ടിടത്തിന് 25 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് വിവരം.

അപകടസാധ്യത മുന്‍കൂട്ടികണ്ട് കെട്ടിടത്തിലെ താമസക്കാരായ 32 പേര്‍ രാത്രി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറിയിരുന്നു. വിവരമറിഞ്ഞ് അഗ്‌നിശമനസേനയും ദുരന്തനിവാരണ സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എട്ടുപേരെ കെട്ടിടം തകര്‍ന്നുവീഴാന്‍ തുടങ്ങിയ വേളയില്‍ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനയാണ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്. പ്രിയവര്‍ത് സര്‍വേശ്വര്‍ ദത്ത് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ഒരുദ്യോഗസ്ഥന്‍ പറഞ്ഞു.

മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും സ്ഥലത്ത് തിരച്ചില്‍ തുടരുകയാണെന്നും നവി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ ഡിവിഷനല്‍ ഫയര്‍ ഓഫിസര്‍ പുരുഷോത്തം ജാദവ് അറിയിച്ചു. നേരത്തെ, ജൂണില്‍, നെരൂളിലെ സെക്ടര്‍ 17 ലെ എട്ട് നിലകളുള്ള ഹൗസിങ് സൊസൈറ്റിയായ ജിമ്മി പാര്‍ക്കിലെ അപ്പാര്‍ട്ടുമെന്റുകളുടെ സീലിംഗ് സ്ലാബുകള്‍ തകര്‍ന്ന് ഒരാള്‍ മരിക്കുകയും ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags:    

Similar News