അസോസിയേറ്റ് പ്രഫസര്‍ നിയമന വിവാദം: കണ്ണൂര്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

Update: 2022-11-30 03:25 GMT

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇന്ന് യോഗം ചേരും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന് അസോസിയേറ്റ് പ്രഫസറാവാന്‍ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയും ചര്‍ച്ചയാവും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ യോഗ്യത വീണ്ടും പരിശോധിക്കാനൊരുങ്ങുകയാണ് സര്‍വകലാശാല. രണ്ടാം റാങ്കുകാരനയായ ജോസഫ് സ്‌കറിയക്ക് ജോലി ലഭിക്കും. തസ്തികയിലേക്ക് വീണ്ടും അഭിമുഖം നടത്തില്ലെന്ന് വിസി ഗോപിനാഥ് രവീന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രിയാ വര്‍ഗീസിന്റെ വിവാദനിയമനത്തില്‍ ഹൈക്കോടതി വിധി അനുസരിച്ച് മുന്നോട്ടുപോവുമെന്നാണ് വിസി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നത്. പ്രിയാ വര്‍ഗീസ് ഉള്‍പ്പെട്ട റാങ്ക് പട്ടിക പുനപ്പരിശോധിക്കാനും പട്ടികയില്‍ നിലവിലുള്ള മൂന്ന് പേരുടെയും യോഗ്യത വീണ്ടും പരിശോധിക്കാനും സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്. പുതിയ പട്ടിക സിന്‍ഡിക്കേറ്റിന് മുന്നില്‍ വയ്ക്കുമെന്നും ഹൈക്കോടതി വിധിയില്‍ അപ്പീല്‍ പോവില്ലെന്നും വിസി വ്യക്തമാക്കിയിട്ടുണ്ട്.

പ്രിയാ വര്‍ഗീസിന്റെ യോഗ്യതകള്‍ അക്കാദമികമായി കണക്കാക്കാനാവില്ലെന്നും പിഎച്ച്ഡി കാലയളവിനെ അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ മതിയായ കാലം പ്രവര്‍ത്തിച്ചില്ലെന്നും കോടതി വിലയിരുത്തി. നിയമന നടപടികള്‍ക്കായുള്ള സ്‌ക്രീനിങ്, സെലക്ഷന്‍ കമ്മിറ്റികള്‍ക്കെതിരെയും കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

Tags:    

Similar News