നിയമസഭാ തിരഞ്ഞെടുപ്പ്: എസ്ഡിപിഐ നിലപാട് തിരിച്ചറിയാത്തവരോട് സഹതാപം മാത്രമെന്ന് പി അബ്ദുല്‍ മജീദ് ഫൈസി

Update: 2021-05-04 15:30 GMT

കോഴിക്കോട്: എസ്ഡിപിഐയുടെ രാഷ്ട്രീയ നിലപാടും കാഴ്ചപ്പാടും ബോധപൂര്‍വം തിരിച്ചറിയാത്തവരോട് സഹതാപം മാത്രമാണുള്ളതെന്ന് സംസ്ഥാനപ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. എല്‍ഡിഎഫ്-എസ്ഡിപിഐ ബന്ധമെന്ന മട്ടില്‍ യുഡിഎഫ് നേതാക്കള്‍ കുപ്രചരണവുമായി രംഗത്തുവന്നിരിക്കുകയാണെന്ന് മജീദ് ഫൈസി പ്രസ്താവനയില്‍ പറഞ്ഞു.

''പിണറായി വിജയന്‍ ഇന്നലെ യു.ഡി.എഫ്- ബി.ജെ.പി വോട്ട് കച്ചവടം ആരോപിച്ചതോടെ എല്‍.ഡി.എഫ്- എസ്.ഡി.പി.ഐ ബന്ധമെന്ന മറുമരുന്നുമായി ചില യു.ഡി.എഫ് നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നു. ഇരുട്ട് കൊണ്ട് ഓട്ടയടക്കാനുള്ള ഇത്തരം വികൃതികളാണ് യു.ഡി.എഫിന്റെ വീഴ്ചകള്‍ക്ക് യഥാര്‍ഥ കാരണം. പരാജയങ്ങളെ ശരിയായ രീതിയില്‍ അഭിമുഖീകരിക്കുന്നതില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് പലപ്പോഴും തെറ്റ് പറ്റുന്നു. എസ്.ഡി.പി.ഐ എന്തുകൊണ്ടാണ് നേമത്ത് എല്‍.ഡി.എഫിനും മഞ്ചേശ്വരത്ത് യു.ഡി.എഫിനും വോട്ട് ചെയ്തതെന്ന് കാര്യബോധമുള്ളവര്‍ക്കെല്ലാം നന്നായറിയാം''- എസ്.ഡി.പി.ഐയുടെ രാഷ്ട്രീയ കാഴ്ചപ്പാട് ബോധപൂര്‍വ്വം തിരിച്ചറിയാതിരിക്കുന്നവരോട് സഹതാപം മാത്രമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം ശരിയായ രീതിയില്‍ വിശകലനം ചെയ്യുന്നതിന് പകരം മലര്‍ന്നുകിടന്ന് തുപ്പാനാണ് നീക്കമെങ്കില്‍ ആ മാലിന്യങ്ങള്‍ യു.ഡി.എഫിനെ കൂടുതല്‍ മലീമസമാക്കുമെന്നേ പറയാനുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.

ബിജെപിക്ക് വിജയസാധ്യതയുള്ളിടങ്ങളില്‍ വിജയസാധ്യത കൂടുതലുളള സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കുമെന്നായിരുന്നു എസ്ഡിപിഐയുടെ നിലപാട്. തിരഞ്ഞെടുപ്പിന് മുമ്പ് എസ്ഡിപിഐ സംസ്ഥാന നേതൃത്വം അത് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നേമത്ത് സിപിഎമ്മിനും മഞ്ചേശ്വരത്ത് യുഡിഎഫിനും വോട്ട് ചെയ്തു. എസ്ഡിപിഐ വോട്ടുകള്‍ ഈ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് കാരണമാവുകയും ചെയ്തു.

Tags:    

Similar News