അസമില്‍ പ്രളയബാധിതരുടെ എണ്ണം 14 ലക്ഷമായി; 33ല്‍ 25 ജില്ലകളും പ്രളയക്കെടുതിയില്‍

Update: 2020-06-30 17:53 GMT

ഗുവാഹത്തി: ദിവസങ്ങളായി തുടരുന്ന മഴയിലും നീരൊഴുക്കിലും ശക്തിപ്രാപിച്ച പ്രളയം അസമിലെ 14 ലക്ഷത്തോളം പേരെ നേരിട്ടുബാധിച്ചു. സംസ്ഥാനത്തെ 33ല്‍ 25 ജില്ലകളും പ്രളയക്കെടുതിയിലാണ്. ഇതുവരെ 24 പേര്‍ മരിച്ചു, ഇന്നുമാത്രം നാല് പേര്‍ മരിച്ചിട്ടുണ്ട്.

അസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് ബ്രഹ്മപുത്ര നദി വിവിധ ജില്ലകളില്‍ കരകവിഞ്ഞൊഴുകുകയാണ്. പലയിടത്തും അപകടനിലയ്ക്കും മുകളിലാണ് ഒഴുക്ക്. സംസ്ഥാനത്തെ 66 റവന്യൂ ഡിവിഷനുകളെയും പ്രളയം ബാധിച്ചിട്ടുണ്ട്.

ധമാജി, ലഖിംപൂര്‍, ബിശ്വനാഥ്, ഉദല്‍ഗുരി, ചിരംഗ്, ദാരംഗ്, നല്‍ബാരി, ബാര്‍പേട്ട, കൊക്രാജര്‍, ധുബ്രി, നാഗോണ്‍, ഗോലഘട്ട്, ജോര്‍ഹട്ട്, മജുലി, ശിവസാഗര്‍, ദിബ്രുഗഡ്, ബൊംഗൈഗോണ്‍, സൗത്ത് സാല്‍മര, ഗോപാല്‍പാറ, കാമറൂപ്, മൊറിഗാവോണ്‍, ഹൊജായ്, വെസ്റ്റ് കാര്‍ബി ആംഗ്ലോംഗ്, ടിന്‍സുകിയ തുടങ്ങിയ ജില്ലകളാണ് പ്രളക്കെടുതി കൂടുതല്‍ അനുഭവിക്കുന്നത്. സംസ്ഥാനത്ത് മൊത്തം 209 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി.

ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് 2,235 ഗ്രാമങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ട്. 75,700.12 ഹെക്ടര്‍ വിള വെള്ളപ്പൊക്കത്തില്‍ നശിച്ചു. 265 ദുരിതാശ്വാസ ക്യാമ്പുകളിലായി 25,461 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഏകദേശം 8,19,645 വലിയ മൃഗങ്ങളെയും 4,10,390 ചെറിയ മൃഗങ്ങളെയും 7,74,967 ഇറച്ചിക്കൊഴികളെയും പ്രളയം ബാധിച്ചു. മൊത്തം 6,063.82 ക്വിന്റല്‍ അരി 1412.30 ക്വിന്റല്‍ ഗോതമ്പ്, 295.15 ക്വിന്റല്‍ ഉപ്പ്, 8,100.94 ലിറ്റര്‍ എണ്ണ എന്നിവ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്തു.

ധമാജി, ബാര്‍പേട്ട, ബൊംഗൈഗാവ്, ദുബ്രി, സൗത്ത് സത്മാര എന്നീ ജില്ലകളിലെ 3,245 പേരെ ഒഴിപ്പിച്ചു. ധേമാജി, മജുലി, ബാര്‍പേട്ട, ഡാരംഗ്, ബൊംഗൈഗാവ്, നല്‍ബാരി, ഗോള്‍ഗട്ട്, ദുബ്രി എന്നിവിടങ്ങളില്‍ റോഡുകള്‍ വ്യാപകമായി തകര്‍ന്നിട്ടുണ്ട്.

കാസിരംഗ ദേശീയോദ്യാനവും പോബിറ്റോറ വന്യജീവി സങ്കേതവും ഭാഗികമായി വെള്ളത്തില്‍ മുങ്ങി. കാസിരംഗയിലെ 223 ഫോറസ്റ്റ് ക്യാമ്പുകളില്‍ 143 എണ്ണം വെള്ളപ്പൊക്കത്തില്‍ മുങ്ങി. കാണ്ടാമൃഗങ്ങള്‍, ആനകള്‍, മാന്‍ തുടങ്ങിയ മൃഗങ്ങള്‍ വെള്ളം കയറിയതോടെ പാര്‍ക്കിനുള്ളിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറിയിട്ടുണ്ട്. ആര്‍ജി ഒറങ്ങ് ദേശീയ പാര്‍ക്കിലും 40 ല്‍ 19 ക്യാമ്പുകളെയും വെള്ളപ്പൊക്കം ബാധിച്ചു.

അസമിലെ നദികള്‍ അപകടകരമായ തോതിലാണ് ഒഴുകുന്നതെന്നും സ്ഥിതി രൂക്ഷമായി തുടരുകയാണെന്നും കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചു. 

Tags:    

Similar News