സ്ത്രീകള്‍ സഞ്ചരിച്ച കാറില്‍ കയറി അപമര്യാദയായി പെരുമാറി; എഎസ്‌ഐ അറസ്റ്റില്‍

തിരുവനന്തപുരം എആര്‍ ക്യാംപിലെ എഎസ്‌ഐ നെടുമ്പറമ്പ് സുജാതമന്ദിരത്തില്‍ സുഗുണന്‍(53) ആണ് പിടിയിലായത്.

Update: 2019-06-25 01:44 GMT

കല്ലമ്പലം: സ്ത്രീകള്‍ സഞ്ചരിച്ച കാറില്‍ ലിഫ്റ്റ് ചോദിച്ചു കയറി വാഹനമോടിച്ച സ്ത്രീയോടും സഹയാത്രികയോടും അപമര്യാദയായി പെരുമാറിയ പോലിസുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം എആര്‍ ക്യാംപിലെ എഎസ്‌ഐ നെടുമ്പറമ്പ് സുജാതമന്ദിരത്തില്‍ സുഗുണന്‍(53) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം.

സുഗുണന്‍ പോലിസ് യൂണിഫോമില്‍ വര്‍ക്കല എത്തുകയും അവിടെനിന്ന് കല്ലമ്പലത്തേക്കു വന്ന കാര്‍ കൈകാണിച്ചു നിര്‍ത്തി കയറുകയുമായിരുന്നു. പോലീസ് ഉദ്യോഗസ്ഥന്‍ കൈ കാണിച്ചതിനാല്‍ കാറിനുള്ളിലുണ്ടായിരുന്ന സ്ത്രീകള്‍ ഭയന്ന് കാര്‍ ഒതുക്കിയതാണെന്നും പറയപ്പെടുന്നു. തുടര്‍ന്ന് കാറില്‍ കയറിയ സുഗുണന്‍ കാര്‍ യാത്രക്കാരായ സ്ത്രീകളോടു മോശമായി സംസാരിക്കുകയും അശ്ലീലചേഷ്ടകള്‍ കാട്ടുകയുമായിരുന്നു.

ആദ്യം പ്രതികരിക്കാതിരുന്ന സ്ത്രീകള്‍ സുഗുണന്‍ വാഹനത്തില്‍നിന്നും ഇറങ്ങിയ ശേഷം പിങ്ക് പട്രോളിങ് സംഘവുമായി ബന്ധപ്പെടുകയായിരുന്നു. പിങ്ക് പോലിസിന്റെ നിര്‍ദേശപ്രകാരം കല്ലമ്പലം പോലിസില്‍ സ്ത്രീകള്‍ പരാതി നല്‍കി. തുടര്‍ന്ന് ഇവരുടെ മൊഴിയെടുത്ത് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സുഗുണനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്കു ശേഷം രാത്രിയോടെ ഇയാളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.

Tags: