സ്വര്‍ണം ധരിച്ച് യാത്ര ചെയ്യുന്നവരാണോ നിങ്ങള്‍?സൂക്ഷിക്കുക; മുന്നറിയിപ്പുമായി റെയില്‍വേ
തിരുവനന്തപുരം: സ്വര്‍ണം ധരിച്ച് യാത്ര ചെയ്യുന്നതിന് മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വേ. പവന് ഒരുലക്ഷത്തോടടുക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. യാത്രയില്‍ സ്വര്‍ണം ധരിക്കരുതെന്നാണ് സുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശം. സംഘമായി കയറിയാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തുന്നതെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ട്രെയിനിന്റെ പലയിടങ്ങളിലായി തിരിഞ്ഞ് കവര്‍ച്ച നടത്തിയശേഷം സ്ഥലംവിടുന്നതാണ് രീതി.
സ്വര്‍ണ പാദസരങ്ങളാണ് കള്ളന്മാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച് മുകള്‍ ബര്‍ത്തുകളില്‍ കിടന്നുറങ്ങുന്ന സ്ത്രീകളുടെ പാദസരം ഇവര്‍ പൊട്ടിച്ചെടുക്കും. കൊങ്കണ്‍ പാതയിലാണ് മലയാളികള്‍ ഏറ്റവും കൂടുതല്‍ കവര്‍ച്ചയ്ക്ക് ഇരയാകുന്നതെന്നാണ് റിപോര്‍ട്ടുകള്‍. ദീര്‍ഘദൂര ട്രെയിനായതിനാല്‍ യാത്രക്കാര്‍ ഉറങ്ങുന്ന സമയത്താണ് മോഷണം നടക്കുന്നത്.
സ്വര്‍ണം മാത്രമല്ല, അതുപോലെ തോന്നുന്ന മുക്കുപണ്ടം ധരിച്ചാലും കള്ളന്മാര്‍ ലക്ഷ്യമിടുമെന്നും മുന്നറിയിപ്പുണ്ട്. കവര്‍ച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കാനായി പോസ്റ്ററും ബോധവല്‍ക്കരണ വീഡിയോകളും റെയില്‍വേ പുറത്തിറക്കി.