കേരളം മുഴുവന്‍ യുഡിഎഫിന് കിട്ടാന്‍ പോവുകയാണെന്നും അതില്‍ തന്നെ ബേപ്പൂര്‍ ആദ്യം പിടിക്കുമെന്നും അന്‍വര്‍
തിരുവനന്തപുരം: പിണറായിയെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ യുഡിഎഫ് നേതൃത്വം എന്ത് പറഞ്ഞാലും അനുസരിക്കുമെന്ന് പി വി അന്‍വര്‍. കേരളം മുഴുവന്‍ യുഡിഎഫിന് കിട്ടാന്‍ പോവുകയാണെന്നും അതില്‍ തന്നെ ബേപ്പൂര്‍ ആദ്യം പിടിക്കുമെന്നും അന്‍വര്‍ പറഞ്ഞു. കേരളം കണ്ടിട്ടില്ലാത്ത വര്‍ഗീയതയാണ് മുഖ്യമന്ത്രിയുടെയും അനുചരന്മാരുടെയും വായില്‍ നിന്നും വരുന്നതെന്നും അന്‍വര്‍ വിമര്‍ശിച്ചു.
കേരളത്തില്‍ പിണറായിസം അവസാനിക്കാന്‍ പോകുകയാണ്. പിണറായിയുടെ തകര്‍ച്ചയുടെ കാരണം മുഹമ്മദ് റിയാസ് ആണ്. മരുമോനിസമാണ് കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ നടപ്പാകുന്നത്. ഒരുതരത്തില്‍ പറഞ്ഞാല്‍ അത് കാന്‍സര്‍ പോലെയാണ്. താന്‍ ഒരു സീറ്റും ആവശ്യപ്പെട്ടിട്ടില്ലെന്നും തനിക്ക് ഒരു ഉപാധിയുമില്ലെന്നും പറഞ്ഞ അന്‍വര്‍ എല്ലാം യുഡിഎഫ് നേതൃത്വത്തിന് തീരുമാനിക്കാമെന്നും വ്യക്തമാക്കിയിരുന്നു.