റോഹ്തക്: ഹരിയാനയില്‍ വീണ്ടും പോലിസുകാരന്‍ ആത്മഹത്യ ചെയതു. റോഹ്തക് സൈബര്‍ സെല്ലില്‍ നിയമിതനായ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (എഎസ്ഐ)സന്ദീപ് ലാത്തറാണ് ആത്മഹത്യ ചെയ്തത്. സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രഥമിക നിഗമനം. സംഭവസ്ഥലത്തിന് സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പിസ്റ്റളും കണ്ടെടുത്തു.
ആത്മഹത്യാക്കുറിപ്പില്‍, ഐപിഎസ് ഉദ്യോഗസ്ഥനായ വൈ പുരണ്‍ കുമാറിനെതിരേ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ സന്ദീപ് ഉന്നയിച്ചിട്ടുണ്ട്. വൈ. പുരണ്‍ കുമാര്‍ ഒരു 'അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍' ആണെന്നും അദ്ദേഹത്തിനെതിരെ ധാരാളം തെളിവുകള്‍ ഉണ്ടെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. കേസ് നിഷ്പക്ഷമായി അന്വേഷിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.
2001 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസുമായ പുരണ്‍ കുമാറിനെ(52) ഒക്ടോബര്‍ ഏഴിന് ഛണ്ഡീഗഡിലെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഒന്‍പത് പേജുള്ള ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കപൂര്‍, ബിജാര്‍നിയ, മറ്റ് നിരവധി മുതിര്‍ന്ന പോലിസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ(അതിക്രമങ്ങള്‍ തടയല്‍) നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തിരുന്നു.
പുരണ്‍ കുമാര്‍ ആത്മഹത്യ ചെയ്തിട്ട് എട്ടാം ദിവസമായിട്ടും മൃതദേഹം ഇതുവരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടില്ല. കേസിലെ രണ്ട് പ്രധാന പ്രതികളായ ഹരിയാന ഡിജിപി ശത്രുജീത് കപൂര്‍, മുന്‍ റോഹ്തക് പോലിസ് സൂപ്രണ്ട് നരേന്ദ്ര ബിജാര്‍നിയ എന്നിവരെ അറസ്റ്റ് ചെയ്യുന്നതുവരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കുടുംബം.
