കന്നഡ നടന്‍ സുശീല്‍ ഗൗഡയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ജന്മനാടായ മാണ്ഡ്യയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. എന്താണ് ആത്മഹത്യയ്ക്ക് കാരണം എന്ന് വ്യക്തമല്ല.

Update: 2020-07-08 18:07 GMT

ബെംഗളൂരു: കന്നഡ നടനും ഫിറ്റ്‌നസ് ട്രെയിനറുമായ സുശീല്‍ ഗൗഡയെ മരിച്ച നിലയില്‍ കണ്ടെത്തി. ജന്മനാടായ മാണ്ഡ്യയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. എന്താണ് ആത്മഹത്യയ്ക്ക് കാരണം എന്ന് വ്യക്തമല്ല. അന്വേഷണം നടക്കുന്നതായി മാണ്ഡ്യ എസ്പി കെ പരശുറാം പറഞ്ഞു. മൃതദേഹം പോസ്റ്റ് മോട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

കന്നഡ സീരിയല്‍ അന്തപുരയില്‍ പ്രധാന വേഷം ചെയ്തിരുന്നത് സുശീല്‍ ഗൗഡ ആയിരുന്നു. ഇതിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെ ഒരു സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. ദുനിയ വിജയുടെ സലഗ എന്ന ചിത്രത്തില്‍ മുഖ്യമായ ഒരു റോളിലാണ് സുശീല്‍ അഭിനയിച്ചത്. ചിത്രം റിലീസ് ചെയ്തിട്ടില്ല. സലഗയില്‍ യുവ പോലിസ് ഓഫിസറുടെ റോളിലണ് സുശീല്‍ അഭിനയിച്ചതെന്ന് അനുശോചന സന്ദേശത്തില്‍ ദുനിയ വിജയ് പറഞ്ഞു.

കന്നഡ ഫിലിം ഇന്‍ഡസ്ട്രിയില്‍ മികച്ച ഭാവി പ്രതീക്ഷിച്ചിരുന്ന നടനാണ് അദ്ദേഹമെന്നും വിജയ് പറഞ്ഞു. 30 ദിവസത്തെ ഷൂട്ടിങ് പരിചയമേ തങ്ങള്‍ തമ്മിലുള്ളൂ. എങ്കിലും മരണ വാര്‍ത്ത ഏറെ വേദനിപ്പിക്കുന്നു. ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. ഇത്തരം മരണ വാര്‍ത്തകള്‍ ഇനിയും കേള്‍ക്കാന്‍ സാധ്യതയുണ്ട്. കൊറോണ വൈറസ് കാരണം പല ജീവിതങ്ങളും വഴിമുട്ടിയിരിക്കുകയാണ്. ഈ പ്രതിസന്ധിയെ മറികടക്കുക തന്നെ വേണമെന്നും വിജയ് പറഞ്ഞു.

സുശീലിന്റെ പ്രശ്‌നങ്ങള്‍ അറിയില്ല. പക്ഷേ അദ്ദേഹത്തിന് മികച്ച ഭാവിയുണ്ടായിരുന്നുവെന്ന് സലഗയില്‍ സുശീലിനൊപ്പം അഭിനയിച്ച ധനഞ്ജയ പ്രതികരിച്ചു. ഒരു മാസം മുമ്പാണ് പ്രമുഖ കന്നഡ നടന്‍ ചിരഞ്ജീവ് സര്‍ജ ഹൃദയാഘാതം മൂലം മരിച്ചത്. ഇതിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകും മുമ്പാണ് സുശീല്‍ ഗൗഡയുടെ മരണം.


Tags:    

Similar News