16 വയസ്സിന് താഴെയുള്ള കുട്ടികളിലെ സോഷ്യല്‍ മീഡിയ നിയന്ത്രണം; മന്ത്രിതല സമിതി രൂപീകരിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍
ഓസ്ട്രേലിയയുടെ സമീപകാല നിയമത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കം
അമരാവതി: 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്സസ് തടയുന്നതിനൊരുങ്ങി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ . ഇതിനായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഒരു മന്ത്രിതല സമിതി രൂപീകരിച്ചതായി സംസ്ഥാന ആഭ്യന്തര മന്ത്രി വന്ഗലപുടി അനിത പറഞ്ഞു. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ആക്സസ് നിരോധിക്കുന്ന ഓസ്ട്രേലിയയുടെ സമീപകാല നിയമത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കം.
ആഭ്യന്തര മന്ത്രി വന്ഗലപുടി അനിതയുടെ അഭിപ്രായത്തില്‍, സംസ്ഥാന ഐടി, വിദ്യാഭ്യാസ മന്ത്രി നര ലോകേഷാണ് ഈ മന്ത്രിമാരുടെ സംഘത്തിന് നേതൃത്വം നല്‍കുന്നത്. കുട്ടികളുടെ മാനസികാരോഗ്യത്തില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം, ഓണ്‍ലൈന്‍ ദുരുപയോഗം, പ്രായപരിധി നിര്‍ണ്ണയിക്കുന്നതിനുള്ള പ്രായോഗിക രീതികള്‍ എന്നിവ പഠിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
ഇതിനായി, മികച്ച മാതൃക കണ്ടെത്തുന്നതിന് വിവിധ സംസ്ഥാന സര്‍ക്കാരുകളും രാജ്യങ്ങളും സ്വീകരിക്കുന്ന മാതൃകകള്‍ കമ്മിറ്റി പഠിക്കും. 'ഓസ്ട്രേലിയന്‍ മാതൃക മാത്രമല്ല, രാജ്യത്തും ലോകമെമ്പാടും നടപ്പിലാക്കുന്ന വ്യത്യസ്ത മാതൃകകളും ഞങ്ങള്‍ പഠിക്കുന്നുണ്ട്' എന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനിത പറഞ്ഞു.