അഞ്ചരക്കണ്ടി ഓഫിസ് ആക്രമണം: സിപിഎം നേതൃത്വം മറുപടി പറയണം- എസ്ഡിപിഐ

Update: 2022-07-03 10:08 GMT

അഞ്ചരക്കണ്ടി: വേങ്ങാട് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി ഓഫിസ് ആക്രമണ കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികളായ വിഷയത്തില്‍ സി പിഎം നേതൃത്വം മറുപടി പറയണമെന്ന് എസ്ഡിപിഐ വേങ്ങാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു പ്രശ്‌നവും നിലനില്‍ക്കാത്ത പ്രദേശത്ത് മനപ്പൂര്‍വം കലാപമുണ്ടാക്കല്‍ ലക്ഷ്യംവച്ചാണ് എസ്ഡിപിഐയുടെ പഞ്ചായത്ത് കമ്മിറ്റി ഓഫിസും കൊടിമരവും മറ്റ് രാഷ്ട്രീയ, മതസംഘടനകളുടെ കൊടിത്തോരണങ്ങളും നശിപ്പിച്ചത്. സംഭവത്തില്‍ നിസ്സാര വകുപ്പ് ചുമത്തിയതും പ്രേരണാ കുറ്റം ചുമത്താതെ വെറും നാല് പേരില്‍ മാത്രം കേസൊതുക്കിയതും ഭരണകഷിക്ക് വിട് പണി ചെയ്ത് കേസ് അട്ടിമറിക്കാനുള്ള പോലിസ് ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതികളാവുന്ന കേസില്‍ അമിതാവേശം കാണിക്കുന്ന പോലിസ് ഈ കേസില്‍ അലംഭാവം കാണിച്ചതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.

നിലവില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ രാഷ്ടീയ സാഹചര്യങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെയും സര്‍ക്കാരിന്റെ വിവേചനം ചൂണ്ടിക്കാണിച്ചതിലുള്ള അസഹിഷ്ണുതയുടെയും ഭാഗമാണോ ഈ ആക്രമണമെന്ന സംശയം ബലപ്പെടുന്നുണ്ട്. പാര്‍ട്ടിയുടെ അറിവോടുകൂടിയാണോ അക്രമണം നടന്നതെന്ന് നേതൃത്വം വ്യക്തമാക്കേണ്ടതുണ്ട്. ഈ ആക്രമിക്കൂട്ടങ്ങളെ തള്ളിപ്പറയാനും നിലയ്ക്കുനിര്‍ത്താനും സിപിഎം തയ്യാറാവണമെന്നും അല്ലാത്ത പക്ഷം ജനകീയമായ ചെറുത്തുനില്‍പ്പിന് പാര്‍ട്ടി നിര്‍ബന്ധിതമാവുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. എസ്ഡിപിഐ വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് നിസാം പുത്തലത്ത്, സെക്രട്ടറി സൈഫുദ്ദീന്‍ വേങ്ങാട്, നൗഫല്‍ അഞ്ചരക്കണ്ടി, മുബഷിര്‍ പറമ്പായി എന്നിവര്‍ സംസാരിച്ചു.

Tags: