സിപിഎം സെക്രട്ടേറിയറ്റിലേക്ക് ആനാവൂരിന്റെ എന്‍ട്രി അപ്രതീക്ഷിതം; തിരുവനന്തപുരത്തിന് പുതിയ ജില്ലാ സെക്രട്ടറി ഉടന്‍

സംസ്ഥാന സമിതിയിലേക്ക് വര്‍ക്കല എംഎല്‍എ വി ജോയിയുടെ വരവും അപ്രതീക്ഷിതമാണ്

Update: 2022-03-04 14:48 GMT

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരുവനന്തപുരത്തു നിന്നും ആനാവൂര്‍ നാഗപ്പന്റെ എന്‍ട്രി അപ്രതീക്ഷിതം. സെക്രട്ടറിയേറ്റിലേക്കെത്തുമെന്ന് ഉറപ്പിച്ചിരുന്ന കടകംപള്ളി സുരേന്ദ്രനെയും എം വിജയകുമാറിനെയും ഒഴിവാക്കിയാണ് ജില്ലാ സെക്രട്ടറിയുടെ വരവ്. ആനാവൂരിന്റെ ഒഴിവിലേക്ക് പുതിയ ജില്ലാ സെക്രട്ടറിയെ ഉടന്‍ തിരഞ്ഞെടുക്കും.

മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള വടംവലിയാണ് താരതമ്യേന ജൂനിയറായ ആനാവൂരിനെ പരിഗണിക്കാന്‍ ഇടയാക്കിയത്. 

തലസ്ഥാന ജില്ലയില്‍ സിപിഎമ്മിന്റെ അധികാരസമാവാക്യങ്ങള്‍ മാറുകയാണ്. കടകംപള്ളിയും വി ശിവന്‍കുട്ടിയും നിയന്ത്രിച്ചിരുന്ന ജില്ലയില്‍ കരുത്തനായാണ് ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലെക്കെത്തുന്നത്. പിണറായിയുടെ പിന്തുണയാണ് അപ്രതീക്ഷിതമായി ആനാവൂരിന് നറുക്ക് വീഴാന്‍ കാരണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഭീഷണി മറികടന്ന് ഭരണം ഉറപ്പിച്ചതടക്കമുള്ള പ്രവര്‍ത്തന മികവും അനുകൂല ഘടകമായി.

മന്ത്രിസ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ട കടകംപള്ളിയോ അല്ലെങ്കില്‍ വിജയകുമാറോ സെക്രട്ടറിയേറ്റിലെത്തുമെന്നായിരുന്നു എല്ലാവരും കരുതിയത്. തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്ന വിവാദങ്ങളടക്കമാണ് കടകംപള്ളിക്ക് വിനയായത്. കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയായ വിജയകുമാറിനെ സെക്രട്ടറിയേറ്റിലെടുത്താല്‍ ആ പദവിയില്‍ പുതിയ ആളെ കൂടി കണ്ടെത്തേണ്ട സാഹചര്യവും കൂടി പരിഗണച്ചാണ് ഒഴിവാക്കല്‍.

ആനാവൂരിന് പകരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പല പേരുകള്‍ പരിഗണനയിലുണ്ട്. സി ജയന്‍ബാബു, കെഎസ് സുനില്‍കുമാര്‍, സി അജയകുമാര്‍, ആര്‍ രാമു എന്നിവരാണ് പരിഗണനയില്‍. സംസ്ഥാന സമിതിയിലേക്ക് വര്‍ക്കല എംഎല്‍എ വി ജോയിയുടെ വരവും അപ്രതീക്ഷിതം. സംസ്ഥാന സമ്മേളന പ്രതിനിധി കൂടി അല്ലാതിരിക്കെയാണ് പുതിയ പദവി. ജാതിസമവാക്യങ്ങളടക്കം പരിഗണിച്ചാണ് ജോയിക്കുള്ള സ്ഥാനം എന്നാണ് സൂചന.

Tags:    

Similar News