മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹം; രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ: ഡിവൈഎഫ്‌ഐ

അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല.

Update: 2019-12-20 08:36 GMT

കോഴിക്കോട്: മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല.

മാധ്യമപ്രവര്‍ത്തകര്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. അത് നിഷേധിക്കാനാവില്ല. രാജ്യത്ത് നടപ്പിലാക്കുന്ന കിരാത വാഴ്ച ജനങ്ങളിലേക്കെത്തുന്നത് തടയാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പോലിസ് രാജാണ് നിലനില്‍ക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന പ്രക്ഷോഭം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് മംഗളൂരു പോലിസ് കസ്റ്റഡിയിലെടുത്തത്.

കാമറയടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. രാജ്യത്തിന്റെ പല ഭാഗത്തും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ നിഷേധിച്ച് ജനങ്ങളുടെ പ്രതികരണം മൂടിക്കെട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. മൊബൈല്‍ പോലും ഉപയോഗിക്കാന്‍ സമ്മതിക്കുന്നില്ല. ജനാധിപത്യത്തെ കുഴിച്ചുമൂടുന്ന കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News