അനുനയ നീക്കവുമായി അമിത് ഷാ; അദ്വാനിയെയും ജോഷിയെയും സന്ദര്‍ശിച്ചു

അദ്വാനി വര്‍ഷങ്ങളായി ജയിക്കുന്ന ഗാന്ധി നഗറില്‍ നിന്ന് ഇക്കുറി അമിത്ഷായാണ് ജനവിധി തേടുന്നത്

Update: 2019-04-08 15:59 GMT
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെതിരേ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ സന്ദര്‍ശിച്ച അമിത് ഷാ ഇരുവരുമായും സ്ഥിതിഗതികള്‍ വിലയിരുത്തി. മുതിര്‍ന്ന നേതാക്കളുടെ വിമതസ്വരം പൊട്ടിത്തെറിയിലേക്ക് എത്താതിരിക്കാനുള്ള മുന്‍കരുതലെടുക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണു വിലയിരുത്തപ്പെടുന്നത്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അദ്വാനി വര്‍ഷങ്ങളായി ജയിക്കുന്ന ഗാന്ധി നഗറില്‍ നിന്ന് ഇക്കുറി അമിത്ഷായാണ് ജനവിധി തേടുന്നത്. കാണ്‍പൂരില്‍ മുരളി മനോഹര്‍ ജോഷിക്കു പകരം സത്യദേവ് പഛൗരിക്കാണ് ടിക്കറ്റ് നല്‍കിയത്. സീറ്റ് നിഷേധിച്ച ശേഷം ജോഷി നേതൃത്വത്തിനെതിരേ രംഗത്തെത്തിയിരുന്നു. കാണ്‍പൂരില്‍ നിന്ന് മല്‍സരിക്കുന്നില്ലെന്ന് പറയാന്‍ നേതൃത്വം ആവശ്യപ്പെട്ടതായി ജോഷി പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. മാത്രമല്ല, ജോഷിയെ മോദിക്കെതിരേ വാരണാസിയില്‍ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. സീറ്റ് നിഷേധിച്ചതിനു പിന്നാലെ അദ്വാനി എഴുതിയ ബ്ലോഗില്‍ വിമര്‍ശകരെയെല്ലാം ദേശവിരുദ്ധരെന്നു വിളിക്കുന്നത് ബിജെപി നയമല്ലെന്നു തുറന്നടിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളെ ഒതുക്കിയെന്ന ആരോപണം ശക്തമായതോടെയാണ് അമിത് ഷാ തന്നെ ഇരുവരെയും നേരിട്ടു കണ്ടത്. 75 വയസ്സ് പിന്നിട്ടവര്‍ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കേണ്ടെന്ന് നേരത്തേ തീരുമാനിച്ചിരുന്നുവെന്നാണ് ബിജെപി വാദം.



Tags:    

Similar News