മോദിയെ പരിഹസിച്ച് 'ജോലിയില്ലാത്ത ഭക്തന്‍' എഴുതിയ പുസ്തകം ആമസോണ്‍ പിന്‍വലിച്ചു

56 പേജാണ് പുസ്തകത്തിനുള്ളത്. 56 രൂപയാണ് വില. ഇന്ത്യയുടെ തൊഴില്‍ വളര്‍ച്ചക്ക് പ്രധാന മന്ത്രി നടപ്പിലാക്കിയ രഹസ്യങ്ങള്‍ എന്ന പുസ്‌കത്തില്‍ പക്ഷേ എല്ലാ പേജുകളും ശൂന്യമാണ്.

Update: 2021-05-27 13:49 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച ഇ കോമേഴ്സ് വെബ്‌സൈറ്റായ ആമസോണിലൂടെ പ്രസിദ്ധീകരിച്ച പുസ്തകം പിന്‍വലിച്ചു. മാസ്റ്റര്‍സ്‌ട്രോക്ക്: 420 സീക്രട്‌സ് ദാറ്റ് ഹെല്പ്ഡ് പിഎം ഇന്‍ ഇന്ത്യാസ് എംപ്ലോയ്മെന്റ് ഗ്രോത്ത് (MASTERSTROKE: 420 secrets that helped PM in India's employment growth) എന്ന പുസ്തകമാണ് പിന്‍വലിച്ചത്. ജോലിയില്ലാത്ത ഭക്തന്‍ എന്നതിനുള്ള ഹിന്ദി വാക്കായ 'ബേറോസ്ഗാര്‍ ഭക്ത്' എന്ന പേരിലുള്ള ആളാണ് പുസ്തകം എഴുതിയത്. പ്രധാന മന്ത്രിയുടെ ഫോട്ടോ ആണ് പുസ്തകത്തിന്റെ പുറംചട്ട.

56 പേജാണ് പുസ്തകത്തിനുള്ളത്. 56 രൂപയാണ് വില. ഇന്ത്യയുടെ തൊഴില്‍ വളര്‍ച്ചക്ക് പ്രധാന മന്ത്രി നടപ്പിലാക്കിയ രഹസ്യങ്ങള്‍ എന്ന പുസ്‌കത്തില്‍ പക്ഷേ എല്ലാ പേജുകളും ശൂന്യമാണ്. ഒന്നും എഴുതിയിട്ടില്ല. തൊഴില്‍ ലഭ്യമാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന് പറയാതെ പറയുകയാണ് ശൂന്യമായ ഈ പേജുകള്‍.

ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ തൊഴില്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി മോദി ചെയ്ത എല്ലാ കാര്യങ്ങളും ഈ പുസ്തകത്തിലുണ്ട് എന്നാണ് പുസ്തകത്തെക്കുറിച്ചുള്ള ആമസോണ്‍ വെബ്സൈറ്റിലെ വിവരണം. അതേ സമയം അകം ശൂന്യവുമായതോടെ പുസ്‌കം വലിയ ചര്‍ച്ചയായി. ജോലിയില്ലാത്ത ഭക്തന്‍ എന്ന ഗ്രന്ഥകര്‍ത്താവിന്റെ തൂലികാ നാമവും ശ്രദ്ധേയമായി. ഇതോടെയാണ് നരേന്ദ്ര മോദിയെ പരിഹസിക്കാനാണ് ഇത്തരമൊരു പുസ്തകം പ്രസിദ്ധപ്പെടുത്തിയത് എന്ന വിമര്‍ശമം ഉയര്‍ന്നത്.

സ്വന്തം പുസ്തകം പബ്ലിഷ് ചെയ്യാവുന്ന ആമസോണിലെ ഫീച്ചര്‍ ദുരുപയോഗം ചെയ്താണ് ഈ പുസ്തകം വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. അതേ സമയം ഒന്നുമെഴുതാത്ത പുസ്തകമാണെങ്കിലും വന്‍ സ്വീകാര്യതയാണ് ഇതിനു ലഭിച്ചത്. ആമസോണില്‍ 5-ല്‍ 4.9 റേറ്റിങ് പുസ്തകം നേടി.

Tags: