ബിജെപിയുമായി സഖ്യം തത്ത്വത്തില്‍ തീരുമാനിച്ചതായി അമരീന്ദര്‍ സിങ്

Update: 2021-12-06 12:00 GMT

ഛണ്ഡീഗഢ്: ബിജെപിയുമായി സഖ്യം രൂപീകരിക്കാനുളള തീരുമാനം തത്ത്വത്തില്‍ എടുത്തതായി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി കാപ്റ്റന്‍ അമരീന്ദര്‍ സിങ്. ബിജെപിയ്ക്കു പുറമേ ശിരോമണി അകാലിദള്‍ സന്‍യുക്ത് വിഭാഗവുമായി സഖ്യത്തിനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സഖ്യത്തിനുള്ള തീരുമാനമെടുത്തെങ്കിലും സീറ്റ് പങ്കുവയ്ക്കലും മറ്റുമുള്ള കാര്യങ്ങളില്‍ ധാരണയായിട്ടില്ല. അത് പിന്നീട് പ്രഖ്യാപിക്കും.

ബിജെപിയ്ക്കു പുറമെ ശരോമണി അകാലിദളുമായും സീറ്റ് ധാരണ വേണ്ടിവരും. ജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മറ്റുള്ളവര്‍ അവരെ പിന്തുണയ്ക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതായി അമരീന്ദര്‍ പറഞ്ഞു.

തന്റെ പുതിയ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് സംസ്ഥാന നിയമസഭയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് അമരീന്ദര്‍ പറഞ്ഞു. അടുത്ത വര്‍ഷമാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചാബ് നിയമസഭയില്‍ വിജയിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം, ഞങ്ങളത് നേടും- അദ്ദേഹം പറഞ്ഞു.

ഓരോ ജില്ലയിലും ആളുകളെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിനുവേണ്ടി അമരീന്ദറിന്റെ പാര്‍ട്ടി ഓരോ കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. 

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ പഞ്ചാബ് ലോക് കോണ്‍ഗ്രസ്സും ശിരോമണി അകാലിദള്‍ വിഭാഗവുമായി സഖ്യമുണ്ടാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. അതിന് രണ്ട് ദിവസത്തിനുശേഷമാണ് അമരീന്ദര്‍ അക്കാര്യം ശരിവച്ചത്. 

സഖ്യവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കേന്ദ്ര നേതൃത്വമാണ് എടുക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം ബിജെപി പഞ്ചാബ് ഇന്‍ചാര്‍ജ് ദുഷ്യന്ത് ഗൗതം പറഞ്ഞിരുന്നു. 117 സീറ്റില്‍ ബിജെപി മല്‍സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News