ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; കര്‍ണാടകയില്‍ പാഠപുസ്തകത്തില്‍നിന്ന് ദലിത് എഴുത്തുകാരന്റെ കവിത ഒഴിവാക്കുന്നു

Update: 2022-06-11 13:36 GMT

ബെംഗളൂരു: കര്‍ണാടകയിലെ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ ഹൈന്ദവവികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണത്തിന്റെ പേരില്‍ ദലിത് എഴുത്തുകാരന്റെ കവിത ഒഴിവാക്കുന്നു. 

സൂര്യനും ചന്ദ്രനും ദൈവങ്ങളല്ലെന്ന് പറയുന്ന കവിത പാഠപുസ്തകത്തില്‍നിന്ന് ഉപേക്ഷിക്കാന്‍ ബിജെപിയാണ് നിര്‍ദേശിച്ചത്. പുതിയ നീക്കം വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങാനാണ് സാധ്യത.

പരേതനായ കവി സിദ്ധലിംഗയ്യയുടെ 'ഭൂമി' എന്ന കവിത നാലാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ഉത്തരവിട്ടതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കവിതയ്‌ക്കെതിരെ ലഭിച്ച പരാതികള്‍ കണക്കിലെടുത്താണത്രെ തീരുമാനം. കോണ്‍ഗ്രസ് ഭരണകാലത്ത് ബരഗുരു രാമചന്ദ്രപ്പയുടെ നേതൃത്വത്തിലുള്ള പാഠപുസ്തക പരിഷ്‌കരണ സമിതിയാണ് ഈ കവിത സിലബസില്‍ ഉള്‍പ്പെടുത്തിയത്. 

രോഹിത് ചക്രതീര്‍ത്ഥയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രൂപീകരിച്ച പാഠപുസ്തക പരിഷ്‌കരണ സമിതി ഈ പാഠപുസ്തകം പരിഷ്‌കരിച്ചിരുന്നില്ല. നിര്‍ബന്ധിത കോ കരിക്കുലം പഠനത്തിനു വേണ്ടിയുള്ള പാഠപുസ്തകത്തിലെ പ്രത്യേക ഭാഗത്താണ് ഈ കവിത ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതായാണ് ആരോപണം. 

രോഹിത് ചക്രതീര്‍ത്ഥയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പരിഷ്‌കരിച്ച സിലബസിലെ വിവാദഭാഗങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കന്നഡ പാഠപുസ്തകങ്ങളും (ക്ലാസ് 1 മുതല്‍ 10 വരെ), സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങളുമാണ് (ക്ലാസ് 6 മുതല്‍ 10 വരെ) കമ്മിറ്റി പരിഷ്‌കരിച്ചത്. 

Tags:    

Similar News