കൊവിഡ് പടര്‍ത്തിയെന്ന ആരോപണം; മര്‍കസ് നിസാമുദ്ദീന്‍ തലവന്‍ മൗലാന മുഹമ്മദ് സാദിന്റെ പ്രസംഗത്തില്‍ അധിക്ഷേപാര്‍ഹമായ ഒന്നുമില്ലെന്ന് അന്വേഷണ റിപോര്‍ട്ട്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചുകൊണ്ട് കൊവിഡ് പടര്‍ത്തിയെന്ന് മര്‍കസ് നിസാമുദ്ദീന്‍ തലവന്‍ മൗലാന മുഹമ്മദ് സാദ് കാന്ധല്‍വി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയെടുത്ത കേസില്‍ ലാപ്‌ടോപില്‍ മതിയ തെളിവില്ലെന്ന് ഡല്‍ഹി പോലീസിലെ ക്രൈംബ്രാഞ്ചിലെ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥന്‍. സാദിന്റെ ലാപ്ടോപ്പില്‍ നിന്ന് കണ്ടെടുത്ത പ്രസംഗങ്ങളില്‍ 'അധിക്ഷേപാര്‍ഹമായ ഒന്നും' കണ്ടെത്തിയില്ലെന്ന് അദ്ദേഹം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
2020 മാര്‍ച്ച് 31 നാണ് സാദിനും മറ്റുള്ളവര്‍ക്കുമെതിരെ കൊലപാതകമല്ലാത്ത മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഹസ്രത്ത് നിസാമുദ്ദീന്‍ പോലിസ് സ്റ്റേഷനിലെ എസ്എച്ച്ഒ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 'ഒരു ഓഡിയോ റെക്കോര്‍ഡിങ് 2020 മാര്‍ച്ച് 21 ന് വാട്ട്സ്ആപ്പില്‍ പ്രചരിച്ചിരുന്നു. ലോക്ക്ഡൗണും സാമൂഹിക അകലവും ലംഘിക്കാനും മര്‍കസിലെ മതസമ്മേളനത്തില്‍ പങ്കെടുക്കാനും പ്രഭാഷകന്‍ തന്റെ അനുയായികളോട് ആവശ്യപ്പെടുന്നത് കേട്ടു'' എന്നാണ് പരാതിക്കാരന്റെ ആരോപണം.
എന്നാല്‍ സാദിന്റെ പ്രസംഗം അന്വേഷണ സമയത്ത് വിശകലനം ചെയ്തിരുന്നെന്നും അവയില്‍ ആക്ഷേപകരമായ ഒന്നും കണ്ടെത്തിയില്ലെന്നുമാണ് അന്വേഷണ റിപോര്‍ട്ട്.
കഴിഞ്ഞ മാസം, ഡല്‍ഹി ഹൈക്കോടതി, സഞ്ചാരം നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച നിരോധനാജ്ഞയുടെ ലംഘനമായി മര്‍കസില്‍ താമസിക്കുന്നത് കണക്കാക്കാനാവില്ലെന്ന് വിധിച്ചിരുന്നു. തബ്ലീഗി ജമാഅത്തുമായി ബന്ധപ്പെട്ട 70 ഇന്ത്യക്കാര്‍ക്കെതിരായ 16 എഫ്ഐആറുകളും തുടര്‍ന്നുള്ള കുറ്റപത്രങ്ങളും കോടതി റദ്ദാക്കിയിരുന്നു.