കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി പങ്കാളികളാകണം: മന്ത്രി എംഎം മണി

Update: 2020-08-06 11:59 GMT

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി പങ്കാളികളാകണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. കൊവിഡ് , മഴക്കെടുതി പ്രതിരോധ, മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കലക്ട്രേറ്റില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ സംതൃപ്തമായ പ്രവര്‍ത്തനമാണ് പ്രതിരോധ നടപടികളില്‍ ജില്ലാ ഭരണകൂടം കാഴ്ച വച്ചിരിക്കുന്നത്. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ജനങ്ങള്‍ സ്വമേധയാ അതിന് തയ്യാറാകാതെ വരുമ്പോഴാണ് പോലിസിന് ഇടപെടേണ്ടി വരുന്നത്. എന്നാല്‍ പ്രത്യേക ചുമതല പൊലിസ് ദുര്‍വിനിയോഗം ചെയ്യാതിരിക്കാന്‍ ജില്ലാ പൊലിസ് മേധാവി ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു. കനത്ത മഴയും കാറ്റും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. ജില്ലയില്‍ ജലനിരപ്പുയുരുന്ന ചെറിയ ഡാമുകള്‍ യഥാസമയം തുറന്നു വിടുന്നുണ്ട്. ഇടുക്കി ഡാമിലെ ജലനിരപ്പ് ഷട്ടര്‍ പരിധിയിലെത്തിയാല്‍ തുറന്നു വിടുന്നതിന് നിര്‍േദശം നല്കിയിട്ടുണ്ട്. നിലവില്‍ ജലനിരപ്പ് കുറവാണ്. ശക്തമായ കാറ്റില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞും വൈദ്യുതി ലൈനില്‍ മരം വീണ്ടും വൈദ്യുതി തടസം ഉണ്ടായിട്ടുണ്ട്. കെഎസ്ഇബിയിലെ മുഴുവന്‍ ജീവനക്കാരും കര്‍മ്മനിരതരായി വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ കരാര്‍ ജീവനക്കാരെയും പെന്‍ഷനായ ജീവനക്കാരെയും നിയോഗിച്ചാണെങ്കിലും വൈദ്യുതി തടസം പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



Tags:    

Similar News