പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ ചുമത്തിയ മുഴുവന്‍ കേസുകളും പിന്‍വലിക്കണം: പി കെ കുഞ്ഞാലിക്കുട്ടി

തമിഴ്‌നാട്ടില്‍ ആയിരത്തി അഞ്ഞൂറിലേറെ കേസുകള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ഇവിടെയൊരു സര്‍ക്കാര്‍ വെറും വാചക കസര്‍ത്തുമായി മുന്നോട്ട് പോകുന്നത്.

Update: 2021-02-19 15:59 GMT

മലപ്പുറം: പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ ചുമത്തിയ മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഇന്ത്യക്കകത്തും പുറത്തും വലിയ ചലനങ്ങള്‍ സൃഷ്ടിച്ച വിഷയമാണ് കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമം. ജനം ഒറ്റക്കെട്ടായി തെരുവിലിറങ്ങി സമരപോരാട്ടം നടത്തി ഇന്ത്യയുടെ മതേതര പൈതൃകത്തെ തകര്‍ക്കാനുള്ള ശ്രമത്തെ ചെറുത്തു. കോണ്‍ഗ്രസ് അടക്കമുള്ള മതേതര പ്രസ്ഥാനങ്ങളും മതേതര സര്‍ക്കാരുകളുമെല്ലാം ഈ പുതിയ നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും അതിനനുസൃതമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു. കേരളത്തില്‍ യു.ഡി.എഫ് അതിശക്തമായിത്തന്നെ ഈ നിയമത്തിനെതിരെ പോരാട്ടം നടത്തി. ഈ വിഷയത്തില്‍ ഒന്നിച്ചുള്ള പോരാട്ടമാണ് ഗുണകരമാവുക എന്നുകണ്ട് സര്‍ക്കാരുമായി ചേര്‍ന്ന് സമരം ചെയ്യാന്‍പോലും യു ഡി എഫ് തയ്യാറായി. എന്നാല്‍ എല്ലാവിഷയങ്ങളിലും എന്നപോലെ ഈ വിഷയത്തിലും സര്‍ക്കാരിന്റെ പ്രതിച്ഛായയായിരുന്നു അവര്‍ ലക്ഷ്യം വെച്ചത്.


സമരക്കാര്‍ക്കെതിരെ കേസെടുത്തിട്ടില്ല എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ ആവര്‍ത്തിച്ച് പറഞ്ഞത്. എന്നാല്‍ സമരം ചെയ്ത സാംസ്‌കാരിക, മത, സാമൂഹിക രംഗത്തെ അഞ്ഞൂറിലേറെ പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് എന്ന് വിവരാകാശം വഴി അറിയാന്‍ സാധിച്ചതില്‍ നിന്നും മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വ്യക്തമാണ്. കേസ്സുകള്‍ പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് നാനാ ഭാഗത്തുനിന്നും ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടും അതിനെതിരെ ചെറുവിരലനക്കാത്തത് സര്‍ക്കാരിന്റെ ഈ വിഷയത്തിലുള്ള ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. തമിഴ്‌നാട്ടില്‍ ആയിരത്തി അഞ്ഞൂറിലേറെ കേസുകള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ഇവിടെയൊരു സര്‍ക്കാര്‍ വെറും വാചക കസര്‍ത്തുമായി മുന്നോട്ട് പോകുന്നത്. ഇത്രയും ദിവസമായിട്ടും കേസുകള്‍ പിന്‍വലിക്കാത്ത സര്‍ക്കാരിന്റെ സമീപനത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.




Tags:    

Similar News