എയര്‍ ഇന്ത്യ വിമാനത്തില്‍ എസി തകരാര്‍; 200ലധികം യാത്രക്കാരെ തിരിച്ചിറക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോകാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ സാങ്കേതിക തകരാര്‍. എസി പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് 200ലധികം യാത്രക്കാരെയാണ് തിരിച്ചിറക്കിയത്. ബുധനാഴ്ച രാത്രി 11 മണിയോടെ പുറപ്പെടേണ്ടതായിരുന്ന എഐ 2380 ബോയിങ് 7879 ഡ്രീംലൈനര്‍, യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ ഇരുന്ന ശേഷം വൈദ്യുതി എസി തകരാറിലായെന്ന വിവരം അറിയിക്കുകയായിരുന്നു. രണ്ടു മണിക്കൂറോളം കാത്തിരിപ്പിന് ശേഷമാണ് യാത്രക്കാരെ ഇറക്കിയത്.
ജീവനക്കാര്‍ കാരണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാത്തതായി യാത്രക്കാര്‍ ആരോപിച്ചു. സംഭവത്തില്‍ എയര്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല. മാസികകളും പത്രങ്ങളും ഉപയോഗിച്ച് കാറ്റ് വീശുന്ന യാത്രക്കാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനുമുന്‍പും സമാനമായ സംഭവങ്ങള്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ നടന്നിട്ടുണ്ട്. ജയ്പൂരില്‍ നിന്ന് ദുബയ് വരെ സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ അഞ്ചു മണിക്കൂര്‍ എസി ഇല്ലാതെ യാത്രക്കാരെ കുടുക്കിയ സംഭവം വിവാദമായിരുന്നു. കഴിഞ്ഞ മേയില്‍ ഡല്‍ഹി ഭുവനേശ്വര്‍ സര്‍വീസിലും എസി തകരാറുണ്ടായതായി യാത്രക്കാര്‍ ആരോപിച്ചിരുന്നു.