കൊവിഡിന്റെ മറവില്‍ മല്‍സ്യ-വഴിയോര വ്യാപാരികളെ സര്‍ക്കാര്‍ ദ്രോഹിക്കുന്നതിനെതിരേ തിരുവോണ ദിവസം പട്ടിണിസമരവുമായി എസ്ഡിപിഐ

എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്നില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെയാണ് സമരം സംഘടിപ്പിക്കുന്നത്. പട്ടിണിസമരത്തിന്റെ സമാപനയോഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്യും.

Update: 2020-08-29 14:18 GMT

പത്തനംതിട്ട: കൊവിഡ് പ്രതിരോധത്തിന്റെ മറവില്‍ മല്‍സ്യ വ്യാപാരികളേയും വഴിയോര കച്ചവടക്കാരെയും സര്‍ക്കാര്‍ അന്യായമായി ദ്രോഹിക്കുന്നതിനെതിരേ എസ്ഡിപിഐ തിരുവോണ ദിവസം പട്ടിണിസമരം സംഘടിപ്പിക്കും. എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്നില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെയാണ് സമരം സംഘടിപ്പിക്കുന്നത്. പട്ടിണിസമരത്തിന്റെ സമാപനയോഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്യും.

മല്‍സ്യ മാര്‍ക്കറ്റുകള്‍ പൂര്‍ണമായും അടച്ചിട്ടതോടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ മാസങ്ങളായി പട്ടിണിയിലാണ്. വീട്ടുപടിക്കലില്‍ എത്തിച്ചുള്ള വ്യാപാരങ്ങളും നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ഓണ്‍ലൈന്‍ ഡെലിവറികള്‍ക്കോ മുന്തിയ ഹോട്ടലുകളുടെ ഹോം ഡെലിവറികള്‍ക്കൊ യാതൊരു നിയന്ത്രണവുമില്ല. വഴിയോര കച്ചവടക്കാരെ പൂര്‍ണ്ണമായും ഒഴിപ്പിച്ചിരിക്കുകയാണ്. ഏതൊരു വ്യാപാരികളുടെയും പ്രതീക്ഷയാണ് ഓണക്കച്ചവടം എന്നത്. അസംഘടിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജീവിക്കേണ്ടതില്ല എന്ന നിലപാടിലാണ് സര്‍ക്കാരുകള്‍. ദീര്‍ഘദൂര സര്‍വീസ് വര്‍ദ്ധിപ്പിച്ചും ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടി നല്‍കിയും യാതൊരു നിയന്ത്രണവുമില്ലാതെ മാളുകളിലും ടൗണുകളിലും ജനങ്ങള്‍ തിങ്ങി കൂടുമ്പോഴും കോവിഡ് പ്രോട്ടോക്കോളിന്റെ ആവലാതി സര്‍ക്കാരിനില്ല. എന്നാല്‍ മല്‍സ്യ വ്യാപാരികളും വഴിയോര കച്ചവടക്കാരും രോഗം പടര്‍ത്തുന്നവരാണ് എന്ന ധാരണ പൊതു സമൂഹത്തില്‍ നല്‍കുന്നതാണ് സര്‍ക്കാര്‍ നടപടി. ഇത്തരത്തിലുള്ള സര്‍ക്കാര്‍ നടപടികളില്‍ ദുരൂഹതയുണ്ട്. ഇതിനോടകം സിപിഎം നിയന്ത്രണത്തിലായ മത്സ്യ ഫെഡ് സാധാരണക്കാരായ കച്ചവടക്കാരെ പ്രയാസപ്പെടുത്തുകയാണ്. പൊതുവിപണിയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവസരം നല്‍കുകയാണ് സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്നില്‍. ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങള്‍ അടച്ചു പൂട്ടി കോവിഡിനെ പ്രതിരോധിക്കുന്നത് സര്‍ക്കാരിന്റെ പരാജയമാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജനങ്ങള്‍ പട്ടിണിയില്ലാതെ ജീവിച്ച് കോവിഡിനെ പരാജയപ്പെടുത്തുന്നിടത്താണ് സര്‍ക്കാരിന്റെ വിജയം. രോഗഭീതി പോലെ പ്രധാനമാണ് പട്ടിണിയെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം.

അസംഘടിത മേഖലകളെ സര്‍ക്കാര്‍ കൈയ്യൊഴിയുകയാണ്. അടച്ചു പൂട്ടല്‍ മൂലം കഷ്ടപ്പെടുന്നവര്‍ക്കായി പ്രത്യേക കൊവിഡ് പാക്കേജ് പ്രഖ്യാപിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അന്‍സാരി ഏനാത്ത് (ജില്ലാ പ്രസിഡന്റ്), മുഹമ്മദ് അനീഷ് (ജില്ലാ സെക്രട്ടറി), മുഹമ്മദ് പി സലിം (ആറന്മുള മണ്ഡലം പ്രസിഡന്റ്) പങ്കെടുത്തു.

Tags:    

Similar News