30 ആഴ്ചയ്ക്കു ശേഷം ശ്രീനഗര്‍ ജാമിഅ മസ്ജിദ് വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തു

Update: 2022-03-04 13:35 GMT

ശ്രീനഗര്‍; മുപ്പത് ആഴ്ചയ്ക്കു ശേഷം ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ജാമിഅ മസ്ജിദ് വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കു വേണ്ടി വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തു. മിര്‍വായിസ് ഉമര്‍ ഫാറൂഖി വീട്ടുതടങ്കലിലായ സാഹചര്യത്തില്‍ ഇമാം ഹയ് സയ്യിദ് അഹ്മദ് നഖ്ശബന്ദിയാണ് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്.

മെറാജ് ഇ അലം രാവായ ഇന്ന് നിരവധി വിശ്വാസികള്‍ മസ്ജിദില്‍ എത്തിയെന്ന് പള്ളി കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.

പള്ളി ഇത്ര നീണ്ട കാലം അടച്ചുപൂട്ടിയത് മതപരമായ വിശ്വാസങ്ങളെ വേദനിപ്പിച്ചിരുന്നുവെന്ന് പള്ളിയില്‍ നമസ്‌കാരത്തിനെത്തിയ ഖുലാം ഖാദിര്‍ പറഞ്ഞു. ഏറെ കാലത്തിനുശേഷമാണ് താനിവിടെ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് വര്‍ഷത്തിലധികം കാലം അടഞ്ഞുകിടന്ന പള്ളി ആദ്യമായി തുറക്കുമ്പോള്‍ വിശ്വാസികള്‍ക്കാവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പള്ളിക്കമ്മറ്റി നടത്തിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ 2019 ആഗസ്റ്റ് 5 മുതല്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖി വീട്ടുതടങ്കലിലാണ്. 

കാശ്മീര്‍ താഴ്‌വരയില്‍ മാത്രമുള്ള പുരോഹിതരുടെ പാരമ്പര്യ സ്ഥാപനമാണ് മിര്‍വായിസ്. പള്ളികളില്‍ മതവിദ്യാഭ്യാസം നല്‍കുകയാണ് ഇവരുടെ കടമ. പുതിയ കാലത്ത് ഇവര്‍ക്ക് കശ്മീരി സമൂഹത്തില്‍ വലിയ പദവിയാണ് ഉള്ളത്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായും ഇവര്‍ പ്രവര്‍ത്തിച്ചു. 

Tags:    

Similar News