ആദിത്യ താക്കറെയുടെ സഹായിയുടെ സ്ഥാപനങ്ങളില്‍ ആദായനികുതി പരിശോധന; പ്രതിപക്ഷ കക്ഷികളെ ലക്ഷ്യമിട്ടുള്ള നീക്കമെന്ന് ശിവസേന

Update: 2022-03-08 12:05 GMT

മുംബൈ: ശിവസേന നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ആദിത്യ താക്കറെയുടെ അടുത്ത സഹായിയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. ആദിത്യ താക്കറെയ്ക്ക് പുറമെ ഗതാഗത മന്ത്രി അനില്‍ പറബിന്റെ സഹായികളുടെ വീടുകളിലും റെയ്ഡ് നടന്നിട്ടുണ്ട്. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ 'നിലയ്ക്കുനിര്‍ത്താ'നുള്ള ശ്രമമാണ് നടക്കുന്നതെന്ന് ശിവസേന ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും ബംഗാളിലും ആന്ധ്ര പ്രദേശിലും നടന്നതും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ ഉണ്ടാകാന്‍ പോകുന്നതും ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ശിവസേന ഓഫിസ് ഭാരവാഹിയും ഷിര്‍ദി ട്രസ്റ്റ് അംഗവുമായ രാഹുല്‍ കനലിന്റെ വീട്ടിലും ഓഫിസിലുമാണ് പരിശോധന നടത്തിയത്. ആദിത്യ താക്കറെയുടെ അടുത്ത ആളായി കരുതപ്പെടുന്ന നേതാവാണ് രാഹുല്‍.

കേബില്‍ ഓപറേറ്റര്‍മാരായ സദാനന്ദ് കദം, ബജ്‌റംഗ് ഖാമെയ്റ്റ് എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും പരിശോധന നടന്നു. ഇവര്‍ രണ്ട് പേരും അനില്‍ പറബുമായി അടുത്ത ബന്ധമുള്ളവരാണ്.

മുംബൈ ബ്രിഹാന്‍ മുംബൈ കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. 'ബിഎംസി തിരഞ്ഞെടുപ്പ് നടക്കാത്തിടത്തോളം മുംബൈയിലെ എല്ലാ വാര്‍ഡുകളും കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് ചെയ്യും. ഇപ്പോള്‍ ഐടി വകുപ്പിന് ആകെ ഈ ജോലി മാത്രമേയുള്ളു''- ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

Tags:    

Similar News