പൗരത്വം തെളിയിക്കാൻ പാസ്പോർട്ട് മതിയാകില്ല

'ആര്‍ക്കും പൗരത്വം സ്വാഭാവികമായി കിട്ടുകയില്ല. ഓരോരുത്തരും അത് തെളിയിക്കുക തന്നെ വേണം.'

Update: 2019-12-21 05:17 GMT

ന്യഡല്‍ഹി: ആധാര്‍, വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് കേന്ദ്ര സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. ഇത്തരം രേഖകള്‍ പൗരത്വത്തിന് പരിഗണിക്കുമോ എന്ന ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.

'പൗരത്വപട്ടികയുടെ മാനദണ്ഡങ്ങളെ കുറിച്ച് പറയാന്‍ സമയമായിട്ടില്ല. നിരവധി കാര്യങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതുണ്ട്. ഇപ്പോള്‍ അഭിപ്രായം പറഞ്ഞാല്‍ അത് നേരത്തെയായിപ്പോവും. അതേസമയം വോട്ടര്‍ ഐഡി, ആധാര്‍, പാസ്‌പോര്‍ട്ട് എന്നിവ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ല. അവ യാത്രാ രേഖകള്‍ മാത്രമാണ്-ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം. മന്ത്രാലയം കഴിഞ്ഞ ദിവസം ചെയ്ത ട്വീറ്റ് പ്രകാരം ജനനസമയവും സ്ഥലവും തെളിയിക്കുന്ന ഒരു രേഖ മാത്രമാണ് പൗരത്വം തെളിയിക്കാന്‍ വേണ്ടത്. പൗരത്വം തെളിയിക്കുന്നതിന്റെ പേരില്‍ ആരെയും ദ്രോഹിക്കില്ല. അക്ഷരാഭ്യാസമില്ലാത്തവര്‍ക്ക് സമുദായം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മാത്രം മതിയെന്നും മറ്റൊരു ട്വീറ്റില്‍ അവര്‍ അവകാശപ്പെട്ടിരുന്നു.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിന് നിയമമന്ത്രാലയവുമായി കൂടിയാലോചിക്കാനും പദ്ധതിയുണ്ട്. ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് ആര്‍ക്കും പൗരത്വം സ്വാഭാവികമായി കിട്ടുകയില്ല. ഓരോരുത്തരും അത് തെളിയിക്കുക തന്നെ വേണം.

'ജനങ്ങളെ രാജ്യത്തുനിന്ന് പുറത്താക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതോര്‍ത്ത് ഭയപ്പെടേണ്ടതുമില്ല. അതിനാവശ്യമായ പരിരക്ഷകളോടെയാണ് നിയമം കൊണ്ടുവരുന്നത്. സെക്ഷന്‍ 14 എ അനുസരിച്ച് ഒരു ദേശിയതലത്തിലുള്ള ഐഡി കാര്‍ഡ് കൂടെ വരുന്നുണ്ട്.' ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം സംസ്ഥാനങ്ങള്‍ക്ക് എന്‍പിആര്‍, സിഎഎ, എന്‍ആര്‍സി എന്നിവയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നലെ കേരളം എന്‍പിആര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ബംഗാള്‍ നേരത്തെ തന്നെ ഇതേ നിലപാട് എടുത്തിരുന്നു. എന്‍പിആര്‍, സിഎഎ, എന്‍ആര്‍സി തുടങ്ങിയവയില്‍ സംസ്ഥാനത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഈ നിയമം കലക്ടര്‍മാര്‍ വഴിയാണ് നടപ്പാക്കുന്നത്. അതേസമയം കേന്ദ്രത്തിന് മറ്റൊരു ഉദ്യോസ്ഥന്‍ വഴി ചെയ്യാനും സാധിക്കും. 

Tags:    

Similar News