ഹരിത ഭാരവാഹികള്‍ക്കെതിരേ നടപടി; മുസ്‌ലിം ലീഗില്‍ ഭിന്നാഭിപ്രായം

ഹരിത ഭാരവാഹികളെ കേള്‍ക്കാതെ നടപടിയെടുത്താന്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് ഇവരുടെ പക്ഷം.

Update: 2021-08-17 09:15 GMT

കോഴിക്കോട്: എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയ ഹരിത ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ മുസ്‌ലിം ലീഗിനകത്ത് ഭിന്നാഭിപ്രായം. ഹരിത ഭാരവാഹികള്‍ക്കെതിരെ നടപടി ആവശ്യമില്ലെന്ന നിലപാട് ഒരു വിഭാഗം നേതാക്കള്‍ അറിയിച്ചതായാണ് സൂചന. ഇ ടി മുഹമ്മദ് ബഷീര്‍, എം കെ മുനീര്‍, കെ പി എ മജീദ്, കുട്ടി അഹമ്മദ് കുട്ടി എന്നിവരാണ് ഹരിത ഭാരവാഹികളെ അനുകൂലിക്കുന്ന നിലപാട് സ്വകരിച്ചത് എന്നാണ് അറിയുന്നത്.


ഹരിത ഭാരവാഹികളെ കേള്‍ക്കാതെ നടപടിയെടുത്താന്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് ഇവരുടെ പക്ഷം. നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ലീഗ് നേതൃത്വം ഹരിത ഭാരവാഹികള്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഇത് അനുസരിക്കാത്തതിനാല്‍ ഹരിത പിരിച്ചുവിടാനായിരുന്നു മുസ്‌ലിം ലീഗിന്റെ തീരുമാനം. എന്നാല്‍ ഇ ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇതിനെ എതിര്‍ത്തതോടെ ഹരിത നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടി എടുക്കാനും എടുക്കാതിരിക്കാനും കഴിയാത്ത അവസ്ഥിയലാണ് ലീഗ് നേതൃത്വം.


അതിനിടെ ഹരിത നേതാക്കളുടെ പരാതിയില്‍ ഇടപെടുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് ആരോപിച്ച് എടയൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി ബഷീര്‍ കലമ്പന്‍ രാജിവച്ചതും ലീഗില്‍ ചര്‍ച്ചയാകുന്നുണ്ട്. ഹരിത പ്രവര്‍ത്തകയുടെ പിതാവ് കൂടിയായ ബഷീര്‍ കലമ്പന്‍ പാര്‍ട്ടി ഭാരവാഹിത്വം രാജിവെച്ചതായി വ്യക്തമാക്കുന്ന വാട്‌സ്ആപ് സന്ദേശം ലീഗ് അണികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.




Tags:    

Similar News