കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു; അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.വി വേണുവും കുടുംബത്തിനും പരിക്ക്

Update: 2023-01-09 04:59 GMT

ആലപ്പുഴ: ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. ആലപ്പുഴ കായംകുളത്ത് കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ വേണു ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. വേണുവിന്റെ ഭാര്യയും തദ്ദേശസ്വയംഭരണവകുപ്പില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ ശാരദാ മുരളീധരനും അപകടം സംഭവിച്ച കാറിലുണ്ടായിരുന്നു. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു വേണുവും കുടുംബവും.

കൊറ്റുകുളങ്ങരയ്ക്ക് സമീപം എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. വേണു, ഭാര്യ ശാരദാ മുരളീധരന്‍, മകന്‍ ശബരി, ഡ്രൈവര്‍ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ വേണുവിന്റെ മൂക്കിനും വയറിനും പരിക്കേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവമുണ്ട്. പരുമല ആശുപത്രയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ വേണു. കാറിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റെങ്കിലും മറ്റാര്‍ക്കും കാര്യമായ പരിക്കില്ല. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.

Tags: