സാങ്കേതിക തകരാര്‍; അബൂദബി-കണ്ണൂര്‍ ഇന്‍ഡിഗോ വിമാനം നാലുമണിക്കൂര്‍ വൈകി

Update: 2026-01-10 11:17 GMT

അബൂദബി: അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ എയില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് കണ്ണൂരിലേക്ക് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനം (6ഇ 1434) വൈകി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് അബൂദബിയിലേക്ക് തിരിച്ചുവരേണ്ട വിമാനം സര്‍വീസ് നടത്താത്തതാണ് വൈകിയതിന് കാരണമെന്നാണ് വിവരം.

ഉച്ചയ്ക്ക് 1.20നു പുറപ്പെടേണ്ടിയിരുന്ന വിമാനം പുതുക്കിയ സമയക്രമപ്രകാരം വൈകിട്ട് 5.10ഓടെയാണ് പുറപ്പെടുക. ഇതോടെ സര്‍വീസ് ഏകദേശം മൂന്നു മണിക്കൂര്‍ 50 മിനിറ്റ് വൈകും. വിമാനം രാത്രി 10.10നായിരിക്കും കണ്ണൂരിലെത്തുന്നത്. വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. വെബ്സൈറ്റിലെ ഫിളൈറ്റ് സ്റ്റാറ്റസ് പരിശോധിച്ചാണ് വിമോനം വൈകിയ വിവരം യാത്രക്കാര്‍ അറിഞ്ഞതെന്നും പരാതിയുണ്ട്.

വിമാനത്താവളത്തിലെത്തിയ ശേഷം മാത്രമാണ് സര്‍വീസ് മൂന്നു മണിക്കൂറിലധികം വൈകുമെന്ന് പലരും തിരിച്ചറിഞ്ഞത്. കുട്ടികളും വയോധികരും ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് നിലവില്‍ വിമാനത്താവളത്തില്‍ കാത്തിരിപ്പിലായത്. പകരമുള്ള സംവിധാനങ്ങളെക്കുറിച്ചോ വൈകിയതിന്റെ കൃത്യമായ കാരണങ്ങളോ സംബന്ധിച്ച് വ്യക്തമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുകയാണ്.

Tags: