പരപ്പനങ്ങാടിയില്‍ സ്വര്‍ണമെന്നു കരുതി യാത്രക്കാരിയുടെ മുക്കുപണ്ടം പൊട്ടിച്ചു; ട്രെയിനില്‍ നിന്ന് ചാടിയ യുവാവ് പോലിസിന്റെ പിടിയില്‍
കോഴിക്കോട്: സ്വര്‍ണമെന്നു കരുതി യാത്രക്കാരിയുടെ മുക്കുപണ്ടം പൊട്ടിച്ച് ട്രെയിനില്‍ നിന്ന് ചാടിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ഷഹരന്‍പുര്‍ സ്വദേശി ഷഹജാസ് മുഹമ്മദിനെയാണ് (28) കോഴിക്കോട് റെയില്‍വേ പോലിസ് അറസ്റ്റ് ചെയ്തത്. ട്രെയിനില്‍ നിന്ന് ചാടിയപ്പോള്‍ പരിക്കേറ്റ പ്രതി, ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോഴാണ് പോലിസ് പിടിയിലായത്.
കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് പരപ്പനങ്ങാടി സ്റ്റേഷന്‍ വിടുന്നതിനിടെയാണ് പ്രതി യാത്രക്കാരിയുടെ മാല കവര്‍ന്നത്. ശേഷം ഇയാള്‍ പുറത്തേക്ക് ചാടുകയായിരുന്നു. വീഴ്ചയില്‍ പരിക്കേറ്റ ഇയാള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടര്‍മാരോടും തെങ്ങില്‍ നിന്ന് വീണതാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്.
എന്നാല്‍, മാലയുമായി ചാടിയ പ്രതിക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ റെയില്‍വേ പോലിസും ആര്‍പിഎഫും സമീപമുള്ള ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് ഷഹജാസ് കുടുങ്ങിയത്. പ്രതി കവര്‍ന്നത് മുക്കുപണ്ടമാണെന്ന് പോലിസ് പറഞ്ഞു. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍ എന്നും പോലിസ് വ്യ്കതമാക്കി.